തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍; ഇടത് എംഎല്‍എയ്‌ക്കെതിരെ തെളിവുണ്ടെന്ന് സുപ്രീം കോടതിയില്‍ കേരളം
ഡല്‍ഹി : ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസിന്റെ നടപടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആന്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. എംഎല്‍എക്കെതിരായ കേസ് ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതാണ്. അതിനാല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കരുത്. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസില്‍ പുനരന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ നല്‍കിയത്. 33 വര്‍ഷമായി ഈ കേസുമായി മുന്നോട്ടുപോകുന്നത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്‌ട്രേറ്റ് കോടതിയില്‍ മാറ്റി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താനായിരുന്നു ഈ തെളിവ് നശിപ്പിക്കല്‍. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here