പണമില്ല; വികസനപദ്ധതികള്‍ താളം തെറ്റുന്നു; പൊറുതിമുട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കുക സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. സാമ്പത്തികവർഷം തീരാൻ നാലുമാസം മാത്രം ബാക്കി നില്‍ക്കെ വികസന പദ്ധതികള്‍ താളം തെറ്റിയ അവസ്ഥയാണ്. തനതു നികുതിവരുമാനം കൂടിയെങ്കിലും പ്രതിസന്ധി തീര്‍ക്കാന്‍ ഇതൊന്നും പര്യാപ്തമല്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെയും സാമ്പത്തികപ്രതിസന്ധി ബാധിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ജിഎസ്ടിവിഹിതമായി മൂവായിരത്തോളം കോടി രൂപ മാത്രമേ കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കാനുള്ളൂ. കേന്ദ്രവായ്പയ്ക്കുള്ള സാധ്യത അടഞ്ഞതോടെ, കെ.എസ്.എഫ്.ഇ., ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇനി പ്രതീക്ഷയുള്ളത്.
38,629.19 കോടി രൂപയുടെ പദ്ധതിവിഹിതത്തില്‍ ഇതുവരെ 40.36 ശതമാനമേ ചിലവഴിച്ചിട്ടുള്ളൂ. പ്രതിസന്ധി മൂര്‍ച്ഛിച്ചതിനാല്‍ ബജറ്റില്‍ വകയിരുത്തിയതില്‍ പകുതിപോലും ചിലവഴിക്കാനായിട്ടില്ല. ചിലവുചുരുക്കലിന്റെ ഭാഗമായി, അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമായതിനാല്‍ പിന്നീട്, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു നിര്‍ദേശം നല്‍കി. ബാക്കിയുള്ളവ ട്രഷറി ക്യൂവിലേക്ക് മാറ്റിയിരിക്കുകയാണ്. . ഗ്രാമങ്ങളിലെ പാര്‍പ്പിടനിര്‍മാണത്തിന് 525 കോടി രൂപയും നഗരങ്ങളിലേക്ക് 192 കോടി രൂപയും ഉള്‍പ്പെടെ 717 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. ഇതുവരെയുള്ള കണക്കില്‍ 2.69 ശതമാനം തുകയേ ചിലവഴിച്ചിട്ടുള്ളൂ.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് 904.83 കോടി രൂപ വകയിരുത്തി. ചിലവഴിച്ചത് 15.37 ശതമാനംമാത്രം. സാമൂഹികസുരക്ഷാപദ്ധതികള്‍ക്ക് 152.33 കോടി നീക്കിവെച്ചതില്‍ 33.67 ശതമാനമാണ് ചിലവഴിച്ചത്. വയോമിത്രം പദ്ധതിയില്‍ 27.5 കോടി വകയിരുത്തിയതില്‍ 39.16 ശതമാനവും ആശ്വാസകിരണത്തില്‍ 54 കോടി നീക്കിവെച്ചതില്‍ 27.76 ശതമാനവും മാത്രം ചിലവഴിച്ചെന്നാണ് കണക്കുകള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here