ആർസി അച്ചടിക്ക് 60 രൂപ; നാട്ടുകാരോട് വാങ്ങുന്നത് 245; ഇത്ര മാർജിനെടുത്തിട്ടും പണമില്ലെന്ന് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് അടക്കം രേഖകളുടെ അച്ചടി നിലച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സും ആര്‍സി ബുക്കും അടക്കം രേഖകളുടെ അച്ചടി മുടങ്ങിയതോടെ വാഹനയുടമകള്‍ വന്‍ പ്രതിസന്ധിയില്‍. വാഹനം പുറത്തിറക്കാനോ ഓടിച്ച് പോകാനോ കഴിയാത്ത അവസ്ഥയാണ്. പ്രതിമാസം ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറങ്ങുന്ന കേരളത്തിലാണ് ഈ അവസ്ഥയുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം അച്ചടിക്കുള്ള പണം നല്‍കാന്‍ മോട്ടോർ വാഹനവകുപ്പിന് കഴിയാത്തതാണ് അച്ചടിയും വിതരണവും മുടങ്ങാന്‍ വഴിവെച്ചത്.

അച്ചടി ഏറ്റെടുത്തിരിക്കുന്നത് പാലക്കാടുള്ള ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിയാണ് (ഐടിഐ)യാണ്. എട്ടുകോടി രൂപ കുടിശിക വന്നതോടെ അച്ചടി നിര്‍ത്തി. ലൈസൻസ് അച്ചടി കഴിഞ്ഞമാസം 16 മുതലും ആർസി അച്ചടി 23 മുതലും നിലച്ചിരിക്കുകയാണ്. 60 രൂപയാണ് ലൈസന്‍സ്-ആര്‍സിക്കായി ഐടിഐ ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാഹനയുടമകളില്‍നിന്നും മുന്‍കൂറായി വാങ്ങുന്നത് 245 രൂപയും. എന്നിട്ട് പോലും നേരെ ചൊവ്വെ കാര്‍ഡുകള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.

ഒരു ദിവസം അച്ചടിക്കുന്നത് 20,000 കാര്‍ഡുകളാണ്. അച്ചടി നിർത്തിയ ശേഷം മോട്ടോർ വാഹനവകുപ്പിൻ്റെ നിരന്തര സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ ഈ മാസം എട്ടിന് 18,000 ലൈസന്‍സുകള്‍ അച്ചടിച്ച് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഇടവേളകളില്‍ അച്ചടി നടത്തുന്നത് കാരണമാണ് കുറച്ച് പേര്‍ക്കെങ്കിലും ലഭിക്കുന്നത്. കാര്‍ഡുകള്‍ പുറത്ത് നിന്ന് വാങ്ങുന്നതും പ്രിന്റ്‌ ചെയ്ത് നല്‍കുന്നതും ഐടിഐയാണ്. “കുടിശിക തീർക്കാതെ വഴിയില്ല, പുറത്തു നിന്ന് കാർഡ് വാങ്ങിയാണ് ഞങ്ങൾ അച്ചടിക്കുന്നത്, ഈ പോക്കുപോയാൽ ഐടിഐയും പ്രതിസന്ധിയിലാകും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഐടിഐ ഉന്നതൻ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.

അച്ചടിയിലും വിതരണത്തിലും ഒരേ പ്രശ്നം തന്നെയാണ് നേരിടുന്നത്. പണം ലഭിക്കാതായതോടെ ആദ്യം പണിമുടക്കിയത് പോസ്റ്റല്‍ വകുപ്പായിരുന്നു. വിതരണം നിർത്തിയപ്പോൾ കുടിശിക നല്‍കി ആ പ്രശ്നം പരിഹരിച്ചു. പിന്നെയാണ് ഐടിഐ അച്ചടി നിര്‍ത്തുന്നത്. കൊച്ചി തേവരയുള്ള സെന്ററിലാണ് കാര്‍ഡ് അച്ചടിക്കുന്നത്. എന്നാല്‍ അച്ചടിക്കുള്ള കാര്‍ഡും ഐടിഐ ഇപ്പോള്‍ ഇവിടേക്ക് എത്തിക്കുന്നില്ല. എപ്പോള്‍ അച്ചടി പുനരാരംഭിക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എട്ട് കോടി കുടിശികയില്‍ നാല് കോടിയെങ്കിലും നല്‍കിയാലേ പ്രിന്റിംഗ് പുനരാരംഭിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ഐടിഐ.

പൂര്‍ണമായും അച്ചടി മുടങ്ങിയെന്നു പറയാന്‍ കഴിയില്ല. ആര്‍സിയും ലൈസന്‍സും നല്‍കുന്നുണ്ട്. പക്ഷെ തടസമുണ്ട്. അച്ചടി നടത്തുന്ന ഐടിഐക്ക് പണം നല്‍കാനുണ്ട്. കുടിശിക നല്‍കി പ്രശ്നം തീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്-ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കാര്‍ഡ് വിതരണത്തിനുള്ള കരാര്‍ ഐടിഐക്ക് നല്‍കിയതിനെതിരെ സ്വകാര്യ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഇടപെട്ടാണ് കരാര്‍ ഐടിഐക്ക് നല്‍കിയത്. പത്ത് വര്‍ഷത്തേക്ക് പ്രിന്റ്‌ ചെയ്ത് നല്‍കാനുള്ള കരാറാണ് സര്‍ക്കാരും-ഐടിഐയും തമ്മിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top