കെ റെയിലിന് വീണ്ടും അനക്കം വെക്കുന്നു; റെയിൽവേ ബോർഡിൻ്റെ നിർദേശത്തിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പ്രതീക്ഷ നൽകുന്ന ഇടപെടലുമായി റെയിൽവേ ബോർഡ്. അടിയന്തര പ്രാധാന്യമുള്ള പദ്ധതിയാണെന്നും അതിൻ്റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും ദക്ഷിണ റെയിൽവേയ്ക്ക് ഗതിശക്തി വിഭാഗം നിർദേശം നൽകി.

എൽഡിഎഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ. പ്രതിപക്ഷത്തിൻ്റെയും ജനങ്ങളുടേയും എതിർപ്പിനിടയിലും ‘കേന്ദ്രം പറയട്ടെ’ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങൾ താല്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ റെയില്‍വേ ബോര്‍ഡ് കെ റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കി. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകിയിട്ടുണ്ട്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ നടത്താനാണ് റെയിൽവേ ബോർഡിൻ്റെ നിർദേശം.

ഒൻപത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത് . ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഗതിശക്തി വിഭാഗത്തിന്‍റെ കത്തിലെ ‘അടിയന്തര പ്രാധാന്യം’ എന്ന വാക്കിലാണ് സംസ്ഥാന സർക്കാറിൻ്റെ പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top