കര്‍ഷകപ്രശ്നം പേരിനുപോലും പരാമര്‍ശിക്കാതെ നവകേരള സദസ്; നഷ്ടപരിഹാരം അനിശ്ചിതത്വത്തില്‍

ആലപ്പുഴ: നവകേരള സദസ് കേരളമാകെ പര്യടനം നടത്തുമ്പോഴും കര്‍ഷക ആത്മഹത്യകളോട് സര്‍ക്കാരിന് തികഞ്ഞ നിസ്സംഗത. ഈ ദിവസങ്ങളില്‍ ഒന്നും മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളില്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഏറ്റവും കൂടുതല്‍ കാര്‍ഷിക പ്രശ്നങ്ങള്‍ നേരിടുന്ന വയനാട്ടില്‍ എത്തിയിട്ടുപോലും പേരിനുപോലും വിഷയം പരിഗണിക്കാതെ നീങ്ങുകയാണ് ‘ജനകീയ മന്ത്രിസഭ’. കഴിഞ്ഞ ദിവസങ്ങളില്‍ പല തവണകളിലായി ക്യാബിനറ്റ് യോഗം ചേര്‍ന്നെങ്കിലും ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ തീരുമാനം ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സുബ്രഹ്മണ്യന്‍ എന്ന എഴുപത്തൊന്ന് വയസുകാരനാണ് കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്തത്. ഇതുള്‍പ്പെടെ മൂന്ന് മരണങ്ങളാണ് രണ്ട് മാസത്തിനിടെ കേരളത്തില്‍ സംഭവിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയില്ലെന്നു മാത്രമല്ല സര്‍ക്കാരാണ് തന്‍റെ മരണത്തിന്റെ ഉത്തരവാദി എന്നെഴുതിവച്ച് ജീവനൊടുക്കിയവരോട് പോലും മരണാനന്തര നീതിയില്ലാത്ത അവസ്ഥയാണ്.

ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ രണ്ട് കര്‍ഷകരാണ് പിആര്‍എസ്‌ വായ്പ കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ച കെ.ആര്‍ രാജപ്പന്‍ എന്ന കര്‍ഷകന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് കൃഷിമന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസം പിന്നിടുമ്പോഴും വാഗ്ദാനം കടലാസിലാണ്. രാജപ്പന്റെ മരണശേഷം പല തവണ മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും ഈ വിഷയം പരിഗണിക്കുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല.

കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കെ.ജി പ്രസാദിനറെ കുടുംബത്തെ കൃഷിമന്ത്രിയും കളക്ടറും സന്ദര്‍ശിച്ചെങ്കിലും കുടുംബത്തെ സഹായിക്കാനുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. തന്റെ മരണത്തിനു കാരണം ബാങ്കുകളും സര്‍ക്കാരുമാണെന്ന് പ്രസാദ് ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. നെല്ലിന്റെ വില കര്‍ഷകര്‍ക്കു നേരിട്ടു നല്‍കാതെ ബാങ്കുവായ്പയായി നല്‍കുന്ന സര്‍ക്കാര്‍ രീതിയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. സംഭരിച്ച നെല്ലിന്റെ വില ബാങ്കുവായ്പയായി വാങ്ങേണ്ടിവരുമ്പോള്‍ സിബില്‍ സ്കോറില്‍ പ്രതിഫലിക്കുന്നതാണ് പ്രശ്നം.

വായ്പ സര്‍ക്കാര്‍ യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് കര്‍ഷകരാണ്. നെല്ല് സംഭരണത്തിനായി പിആര്‍എസ് വായ്പ നല്‍കുമ്പോള്‍ ഒരു കാരണവശാലും അത് സിബില്‍ സ്കോറില്‍ വരരുതെന്ന് പറഞ്ഞു കര്‍ഷകര്‍ക്ക് ആശ്വാസകരമായ നീക്കം വന്നിരിക്കുന്നത് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നാണ്. സംസ്ഥാനത്തെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയാണ് നവകേരളയാത്രയെന്ന പ്രതിപക്ഷ ആക്ഷേപമാണ് യാത്ര പുരോഗമിക്കുമ്പോള്‍ തെളിഞ്ഞുവരുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top