ജീവനക്കാരുടെ ശമ്പളം പിടിച്ച് പുതിയൊരു പദ്ധതിക്ക് സര്‍ക്കാര്‍; ജീവാനന്ദത്തിലൂടെ മാസം 500 കോടി സര്‍ക്കാര്‍ ഖജനാവിലെത്തും; സാമ്പത്തിക പ്രതിസന്ധി നേരിടാനെന്ന് വിമര്‍ശനം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് പുതിയൊരു ആന്വിറ്റി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജീവാനന്ദം എന്ന പേരില്‍ വിരമിച്ച ശേഷം മാസംതോറും നിശ്ചിത തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍ വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനാണ് നീക്കം. നിലവില്‍ പെന്‍ഷന്‍ ആനുകൂല്യമുള്ള ജീവനക്കാര്‍ക്ക് എന്തിനാണ് പുതിയൊരു പദ്ധതിയെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവില്‍ 500 രൂപ വീതം മെഡിസെപ്പിനായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. ഇതുകൂടാതെയാണ് വീണ്ടുമൊരു പദ്ധതി കൊണ്ടുവരുന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയൊരു പരിഹാരം എന്ന നിലയിലാണ് പദ്ധതി വേഗത്തില്‍ കൊണ്ടുവരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജീവാനന്ദം പദ്ധതിക്കായി 10 മുതല്‍ 25 ശതമാനം വരെ ശമ്പളത്തില്‍ നിന്ന് പിടിക്കാനാണ് നീക്കം. ഉയര്‍ന്ന ശമ്പളമുളളവരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കും. നിലവില്‍ 3300 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ചിലവഴിക്കുന്നത്. ഇതിന്റെ പത്ത് ശമാനം പിടിച്ചാല്‍ പോലും 330 കോടി സര്‍ക്കാരിന് ലഭിക്കും. ഉയര്‍ന്നശമ്പളമുളളവരില്‍ നിന്ന് കൂടിയ തുക പിടിച്ചാല്‍ അത് 500 കോടിവരെയാകും. ഇതില്‍ കണ്ണുവച്ചാണ് സര്‍ക്കാര്‍ നീക്കം എന്നാണ് ആക്ഷേപം.

നിലവില്‍ ക്ഷേമപെന്‍ഷന്‍ അടക്കം അനുവദിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമെന്ന നിലയിലാണ് വേഗത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ധനവകുപ്പ് നീക്കം നടത്തുന്നത്. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന തുക ഓരോരുത്തരും വിരമിച്ച ശേഷം മാത്രം തിരികെ നല്‍കിയാല്‍ മതിയാകും. അത് ഇപ്പോഴത്തെ ധനസ്ഥിതിയെ ബാധിക്കില്ലെന്നതും അനുകൂല ഘടകമായി സര്‍ക്കാര്‍ കാണുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top