പരീക്ഷ നടത്താന്‍ ഖജനാവില്‍ കാശില്ല, സ്‌കൂള്‍ ഫണ്ടില്‍ നിന്ന് പണമെടുക്കാന്‍ ഉത്തരവ്; രണ്ടറ്റം മുട്ടിക്കാന്‍ ഗതിയില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളുടെ പൊതുപരീക്ഷ പോലും നടത്താന്‍ വകയില്ലാതെ നട്ടം തിരിയുകയാണ് സര്‍ക്കാര്‍. പരീക്ഷകള്‍ നടത്താന്‍ ഖജനാവില്‍ പണമില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂളുകളുടെ ദൈനംദിന ചെലവിനുള്ള ഫണ്ടുപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

പത്താം ക്ലാസിലെ ഐടി പരീക്ഷയും ഹയര്‍ സെക്കണ്ടറി പരീക്ഷകളും നടത്താനാണ് പണമില്ലാത്തത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ദൈനംദിന ചെലവിനായുള്ള പണമെടുക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകളുടെ പണം തിരികെ നല്‍കുമെന്നും ഉത്തരവിലുണ്ട്.

സ്‌കൂളുകളുടെ ചെലവുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാന്‍ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുപരീക്ഷകള്‍ നടത്താന്‍ ഏകദേശം 45 മുതല്‍ 50 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ വര്‍ഷം 2,971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി ക്ലാസുകളുടെ പരീക്ഷയും അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതിനു പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കാനുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഗള്‍ഫിലും മറ്റും നടക്കാറുണ്ട്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങി 25ന് അവസാനിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ പരീക്ഷകളും മാര്‍ച്ച് ഒന്നിന് തുടങ്ങി 25ന് തീരും.

പരീക്ഷ നടത്തിപ്പിന്റെ ചെലവിന് പുറമെ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കുള്ള വേതനവും കണ്ടെത്തണം. നിത്യചെലവിനുള്ള പണം കണ്ടെത്താന്‍ പകച്ചു നില്‍ക്കുന്ന സര്‍ക്കാരിന് ഇത്തരം ഒഴിവാക്കാനാവാത്ത ചെലവുകള്‍ എങ്ങനെ നടത്തുമെന്നു പോലും അറിയാത്ത സ്ഥിതിയാണുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ മാറ്റിവെക്കാനോ, മറ്റ് മാര്‍ഗങ്ങള്‍ തേടാനോ പോലും കഴിയാനാവാത്ത അതീവ ഗുരുതരാവസ്ഥയിലാണ് സര്‍ക്കാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top