‘മദ്യം വരും എല്ലാം ശരിയാകും’; മദ്യം വിറ്റ് മദ്യവർജ്ജനം നടപ്പാക്കി സംസ്ഥാന സർക്കാർ, മൂന്ന് വർഷത്തിനിടെ മാത്രം 97 പുതിയ ബാര്‍ ലൈസൻസ്

തിരുവനന്തപുരം: ‘കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരായ, അതിനായി പ്രായോഗിക നയങ്ങളും നടപടികളും ഏറ്റെടുക്കാന്‍ തയാറായ LDF-ന് ആയിരിക്കണം നിങ്ങളുടെ ഓരോ വോട്ടും. LDF വരും, എല്ലാംശരിയാകും’ ഈ വാചകങ്ങൾ ഓർമ്മയുണ്ടോ. 2016ലെ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ചലച്ചിത്ര താരങ്ങളായ കെപിഎസി ലളിതയും, ഇന്നസെന്റും ഉൾപ്പെടെയുള്ള പ്രമുഖരായിരുന്നു എൽഡിഎഫിന്റെ മദ്യവർജ്ജന ക്യാമ്പയിനിന്റെ പ്രധാനമുഖങ്ങൾ. നിർഭാഗ്യവശാൽ ഇവർ രണ്ടുപേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എൽഡിഎഫ് സർക്കാർ ഭരണത്തിൽ എത്തി എട്ട് വർഷം പിന്നിടുമ്പോൾ എന്താണ് കേരളത്തിലെ മദ്യ വ്യവസായത്തിന്റെ അവസ്ഥയെന്ന് പരിശോധിക്കാം.

2016ൽ എൽഡിഎഫ് സർക്കാർ ഭരണത്തിൽ വരുമ്പോൾ ഏറ്റവും കുറവ് ബാർ ഹോട്ടലുകൾ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. സർക്കാർ മദ്യനയത്തിൽ ഇളവ് കൊണ്ടുവന്ന ശേഷം ബാർ ഹോട്ടലുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ 2023-24ൽ കേരള അബ്കാരി നയം ഭേദഗതി ചെയ്തതോടെ ബാറുകളുടെ എണ്ണം വലിയ രീതിയിൽ കൂടി. 2016ൽ 29 ബാർ ഹോട്ടലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് 801 ബാർ ഹോട്ടലുകളാണ്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നീ മൂന്ന് ജില്ലകളിലായാണ് 50 ശതമാനത്തിൽ അധികം ബാർ ഹോട്ടലുകൾ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകൾ. രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷത്തിനിടയിൽ മാത്രം 97 പുതിയ ബാർ ഹോട്ടലുകൾക്കാണ് ലൈസൻസ് നൽകിയത്. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും പുതിയ ബാർ ഹോട്ടലുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം ഇരുപതെണ്ണത്തിന് അനുമതി നൽകി. എറണാകുളം-18, തൃശൂർ-14, കൊല്ലം-8, കോട്ടയം-7, പാലക്കാട്-7, വയനാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകൾക്ക് അഞ്ചു വീതം, കണ്ണൂർ-4, ഇടുക്കി, മലപ്പുറം എന്നിവയ്ക്ക് രണ്ട് വീതം എന്നിങ്ങനെയാണ് ലൈസൻസ് അനുവദിച്ചത്. ഇതിനുപുറമെ ലൈസൻസ് ഫീസും, മദ്യത്തിന്റെ വിലയും കൂട്ടിയിട്ടുമുണ്ട്.

മദ്യവർജ്ജനത്തിന് ഊന്നൽ നൽകി ഭരണത്തിൽ എത്തിയ സർക്കാരാണ് എട്ട് വർഷത്തിനിടയിൽ 2600 ശതമാനം വർധന കൊണ്ടുവന്നത്. 2016ൽ 306 ബെവ്‌കോ ഔട്ട്ലെറ്റുകൾ കേരളത്തിൽ ഉണ്ടെന്നാണ് ഇന്നസെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിൽ പറഞ്ഞത്. ആ സ്ഥാനത്ത് ഇന്ന് 391 ഔട്ട്ലെറ്റുകളാണ് ഉള്ളത്. ഇതുകൂടാതെ മദ്യനയത്തിന്റെ കീഴിൽ കള്ള് ‘കേരള ടോഡി’ എന്ന പേരിൽ ബ്രാൻഡ് ചെയ്യാനും നടപടി പുരോഗമിക്കുന്നുണ്ട്. മദ്യശാലകൾക്ക് വീണ്ടും വീണ്ടും അനുമതി നൽകി കൊണ്ട് മദ്യവർജ്ജനം നടപ്പാക്കുമെന്നത് സർക്കാരിന് മാത്രം അറിയുന്ന വിദ്യയാണ്. മദ്യ ഉപഭോഗത്തിൽ ദേശീയ ശരാശരിയേക്കാൾ രണ്ട് ശതമാനം മാത്രം കുറവാണ് കേരളത്തിന്റെ ശരാശരി

സർക്കാരിന്റെ മദ്യനയത്തെ കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി) കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിഷം വിറ്റ് കാശാക്കുന്നെന്നും, ലഹരിവേട്ടയുടെ ആത്മാർത്ഥത പോലും സംശയിക്കേണ്ടതുണ്ടെന്നും കെസിബിസി ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷമുൾപ്പെടെ മദ്യനയത്തിൽ യാതൊരു എതിർപ്പും ഇപ്പോൾ രേഖപ്പെടുത്തുന്നില്ല. കഴിഞ്ഞ പാർലമെന്റ്- അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഇടതു സർക്കാരിന്റെ മദ്യനയത്തെ ശക്തമായി എതിർക്കുകയും, സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പിണറായി സർക്കാർ ശ്രമിക്കുന്നെന്നും പറഞ്ഞ പ്രതിപക്ഷമാണ് ഇപ്പോൾ മിണ്ടാട്ടമില്ലാതെ നിൽക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് മദ്യനിരോധനത്തിന് സമരം ചെയ്ത സംഘടനകൾ ഒന്നും ഇപ്പോൾ വെളിച്ചത്തുപോലും വരുന്നില്ല. 2016ല്‍ യുഡിഎഫിന് ഭരണം നഷ്ടമാകാൻ ഈ സംഘടനകള്‍ ഒരു പ്രധാന പങ്ക് വഹിച്ചതിനാലാകാം പ്രതിപക്ഷത്തിന്റെ മൗനമെന്നും കരുത്തേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top