വടക്കാഞ്ചേരി ലൈഫ് മിഷനിൽ കൈമലർത്തി സർക്കാർ; ഉത്തരവാദിത്തം യുഎഇക്കും കരാറുകാരനും മാത്രം; പദ്ധതി പൂർത്തിയാക്കാൻ തുക അനുവദിക്കാനാകില്ല

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ നിർമാണത്തിൽ പൂർണമായും കൈമലർത്തി സർക്കാർ. യുഎഇ റെഡ് ക്രസൻ്റും യൂണിടാക് കമ്പനിയും തമ്മിലാണ് കരാറെന്നും അതിനാൽ അവർക്കാണ് പൂർണ ഉത്തരവാദിത്തമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. കരാറിൽ ഇടപെടാനോ പണിപൂർത്തിയാക്കാൻ തുക അനുവദിക്കാനോ ഒരു സാധ്യതയുമില്ല. നിർമാതാക്കൾ ഉപേക്ഷിച്ചുപോയ പദ്ധതി പൂർത്തിയാക്കാൻ സർക്കാർ തുക കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും ലൈഫ് മിഷൻ സിഇഒ പി.ബി.നൂഹ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

140 ഫ്ളാറ്റുകളും ആരോഗ്യകേന്ദ്രവും അടങ്ങുന്നതായിരുന്നു വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി. “ആദ്യ ഒൻപത് മാസം പണി നല്ല നിലയിൽ മുന്നോട്ടുപോയി. പിന്നീട് കോവിഡ് വന്നപ്പോൾ നിർത്തിവയ്ക്കേണ്ടിവന്നു. എങ്കിലും 2020 ഡിസംബറോടെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഈ കേസിലെ ഹർജിക്കാരൻ എഫ്സിആർഎ ലംഘനം ആരോപിച്ച് പരാതി നൽകുകയും പിന്നീട് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ വരികയും ചെയ്തതോടെ പണി അവസാനിപ്പിക്കേണ്ടി വന്നുവെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നുള്ള നിർദേശമില്ലാതെ ഇനി ഒന്നും ചെയ്യാനാകില്ല എന്നാണ് കരാറുകാരൻ്റെ നിലപാട്”; തീർത്തും നിസംഗമായും നിഷ്കളങ്കമായും സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ. സ്വർണക്കടത്ത് കേസ് പിടികൂടിയതിനെക്കുറിച്ചോ അതിലെ പ്രതികൾക്ക് ഈ ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാടിൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ ഒരു പരാമർശവുമില്ല അനിൽ അക്കരയുടെ ഹർജിക്ക് മറുപടിയായി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഈ രേഖയിൽ.

എഫ്സിആർഎ ലംഘനം ആരോപിച്ച് കേന്ദ്ര ഏജൻസികൾക്കും, അഴിമതി ആരോപിച്ച് വിജിലൻസിനും, നിലവാരമില്ലാത്ത നിർമാണം ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അനിൽ അക്കര നൽകിയ പരാതികളാണ് പദ്ധതിയെ തകർത്തത് എന്നാണ് ലൈഫ് മിഷൻ സിഇഒ വ്യക്തമായി പറയുന്നത്. എന്നാൽ ഈ വസ്തുതകൾ മറച്ചുവച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുതെന്നും ഇക്കാരണത്താൽ തന്നെ ഹർജി തള്ളേണ്ടതാണെന്നും സത്യവാങ്മൂലത്തിൽ വാദിക്കുന്നു. ഹർജിക്കാരൻ ഉന്നയിക്കുന്നത് പോലെ കെട്ടിട നിർമാണച്ചട്ടത്തിൻ്റെ ലംഘനമില്ലെന്നും പറയുന്നു.

വടക്കാഞ്ചേരി പദ്ധതിക്ക് ഭൂമി അനുവദിച്ചിരിക്കുന്നത് സർക്കാരാണ്. യുഎഇ റെഡ് ക്രസൻ്റും യൂണിടാക് കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിൽ കക്ഷിയല്ലെങ്കിലും ഇതാദ്യമായാണ് പദ്ധതിയിൽ ഒരു ഉത്തരവാദിത്തവുമില്ല എന്ന് സർക്കാർ നിലപാട് എടുക്കുന്നത്. യുഎഇ കോൺസുലേറ്റും അതിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സ്വർണക്കടത്ത് പുറത്തുവന്നതോടെയാണ് ഫ്ളാറ്റ് നിർമാണം നിലച്ചത്. പദ്ധതിക്ക് അനുവദിച്ച 20 കോടിയിൽ നിന്ന് പലർക്കായി കമ്മിഷൻ നൽകാൻ ധാരണയുണ്ടാക്കിയ കാര്യം തുറന്നുപറഞ്ഞ യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെൻ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നിന്ന് ഒരുകോടി കിട്ടിയതായി സമ്മതിച്ച സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ്, അത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് വേണ്ടിയായിരുന്നു എന്ന് പറഞ്ഞത് വൻ രാഷ്ട്രിയ വിവാദവുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top