‘കേരള സവാരി’ പൂട്ടിക്കെട്ടി; ഒന്നുമറിയില്ലെന്ന് തൊഴില്‍ മന്ത്രിയുടെ ഓഫീസ്; ലക്ഷങ്ങള്‍ തുലച്ചത് മിച്ചം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സിമേഖലയിലെ ചൂഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ ‘കേരള സവാരി’ പൂട്ടിക്കെട്ടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ആരംഭിച്ച പദ്ധതി ഒരു ദിവസം പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. നിലവില്‍ കേരള സവാരി ആപ്പില്‍ യാത്ര ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്കോ കോള്‍ സ്വീകരിക്കാന്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കോ കഴിയാത്ത അവസ്ഥയിലാണ്. പ്രധാനമായും ആപ്പിന്റെ കുഴപ്പം തന്നെയാണ് വില്ലനായത്.

പാലക്കാട്ടെ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് ആപ്പ് രൂപപ്പെടുത്തിയത്. ആപ്പ് വന്നപ്പോള്‍ തന്നെ പരാതിയും വന്നു. കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന തൊഴില്‍വകുപ്പിന്‍റെയോ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ചുമതലയുണ്ടായിരുന്ന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെയോ ലേബര്‍ കമ്മീഷണറേറ്റിന്‍റെയോ ഒരു ശ്രമവുമുണ്ടായില്ല. തിരുവനന്തപുരത്ത് തുടങ്ങി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിക്ക് തലസ്ഥാനത്ത് തന്നെ ചരമക്കുറിപ്പ്‌ എഴുതി.

എന്താണ് കേരള സവാരിയുടെ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ പദ്ധതി ആവിഷ്ക്കരിച്ച തൊഴില്‍വകുപ്പ് മന്ത്രിയുടെ ഓഫീസ് കൈമലര്‍ത്തി. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനോടോ ലേബര്‍ കമ്മീഷണറേറ്റിനോടോ അന്വേഷിക്കണമെന്നാണ് മന്ത്രിയുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞത്. കേരള സവാരിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആപ്പ് പ്രവര്‍ത്തനക്ഷമമല്ലേ എന്ന മറുചോദ്യമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് ചോദിച്ചത്. എന്താണ് ആപ്പിനെക്കുറിച്ച് ഉയര്‍ന്ന പരാതിയെന്നാണ് അന്വേഷിച്ചത്. ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അന്വേഷിച്ച ശേഷം മറുപടി പറയാമെന്നുമായിരുന്നു ചെയര്‍മാന്റെ പ്രതികരണം.

കേരള സവാരിയിലെ പ്രശ്നങ്ങള്‍ അറിയില്ലെന്നും ആപ്പ് തയ്യാറാക്കിയ പാലക്കാട് ഐടിഐയോട് അന്വേഷിക്കണമെന്നും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ സിഇഒ രഞ്ജിത്ത്.പി.മനോഹര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

ആപ്പിന് ജനസ്വീകാര്യതയില്ലെന്ന് ചുമതലയുള്ള പാലക്കാട് ഐടിഐയിലെ ജോണ്‍ സിറിയക്ക് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. ഒട്ടനവധി പ്രശ്നങ്ങള്‍ ടെക്നിക്കലായി ആപ്പിനുണ്ട്. അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ചുള്ള പുതിയ അപ്ഡേറ്റുകള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ- ജോണ്‍ സിറിയക്ക് പറയുന്നു.

ശകുനപ്പിഴകളോടെയായിരുന്നു കേരള സവാരിയുടെ തുടക്കം. ആ ശകുനപ്പിഴ തന്നെയാണ് കേരള സവാരിയെ പിന്തുടരുന്നത്. പദ്ധതി തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമായത്. പ്ലേ സ്റ്റോറില്‍ വന്നെങ്കിലും ആപ്പ് വേണ്ട രീതിയില്‍ പൊതുജനങ്ങളിലേക്ക് എത്തിയില്ല. നിരന്തരം പണിമുടക്കുകയും ചെയ്തു. അപ്പിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ ഏറെ ചര്‍ച്ചകള്‍ക്കും കാരണമായി. മാസങ്ങള്‍ നീണ്ട പ്രയത്നമാണ് വൃഥാവിലായത്.

1500-ലധികം ഓട്ടോകളും 500-ഓളം ടാക്സികളും പദ്ധതിയുടെ ഭാഗമായിരുന്നു. 2022 ഓഗസ്റ്റില്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സെപ്തംബര്‍ മൂന്ന് മുതലാണ്‌ സവാരി പ്രവര്‍ത്തനക്ഷമമായത്. ഒന്നര മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ സവാരിയെ ആശ്രയിച്ചുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ആ ജനസ്വീകാര്യത തന്നെയാണ് സേവനത്തിലെ കുഴപ്പങ്ങള്‍ കാരണം ഇല്ലാതായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top