വിഎച്ച്പിയുടെ സൗജന്യം വേണ്ട; നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രം മതിയെന്ന് സര്‍ക്കാര്‍

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാനം എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ബസ് സര്‍വീസ് നടത്താന്‍ അധികാരം കെഎസ്ആര്‍ടിസിക്ക് മാത്രമാണ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല സീസണിലും മാസപൂജക്ക് നടതുറക്കുമ്പോഴും വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. 97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ എത്തിച്ചാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ തീര്‍ത്ഥാടകര്‍ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകള്‍ ഇല്ലെന്നും എന്ന വാദം തെറ്റാണ്. വലിയ തിരക്കുള്ള സമയത്ത് മാത്രമാണ് നിന്നുള്ള യാത്ര അനുവദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അമിതമായ നിരക്ക് ഈടാക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രത്യേക ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഇത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലക്ഷകണക്കിന് ഭക്തരെത്തുന്ന ശബരിമലയിലേക്ക് ആവശ്യത്തിന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ഭക്തര്‍ ദുരിതത്തിലാണെന്നാണ് വിഎച്ച്പിയുടെ ആരോപണം. 28 മുതല്‍ 30 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായി 20 ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ നല്‍കാത്ത സൗജന്യ യാത്ര ഒരുക്കാനാണ് വിഎച്ച്പി അനുമതി തേടുന്നത്. നേരത്തെ കേരള ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഫലില്‍ സ്വീകരിച്ച സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ തുടങ്ങിയവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top