വ്യവസായ പാര്‍ക്കുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇളവുകളുമായി സര്‍ക്കാര്‍; പാട്ട വ്യവസ്ഥകളില്‍ വന്‍മാറ്റം

സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളിലേക്ക് വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാട്ടത്തുകയിലാണ് പ്രധാനമായും ഇളവുകള്‍ വരുത്തിയിരിക്കുന്നത്. വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പത്തുശതമാനം പാട്ടത്തുക മാത്രം അടച്ചാല്‍ മതിയാകും. തുടര്‍ന്നുള്ള രണ്ടുവര്‍ഷം മൊറോട്ടോറിയവും അനുവദിക്കും. പാട്ട കാലാവധി 90 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 30 മുതല്‍ 60 വര്‍ഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10% മുന്‍കൂറായും 50% ഒരു മാസത്തിനകവും നല്‍കണം. ബാക്കി തുക പലിശ സഹിതം 2 വര്‍ഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം. ഇതാണ് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

എല്ലാ നിക്ഷേപകര്‍ക്കും 60 വര്‍ഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടിക്ക് മുകളിലെ നിക്ഷേപമാണെങ്കില്‍ 90 വര്‍ഷം വരെ കാലാവധിയില്‍ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ അനുവദിക്കുക. ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ, പദ്ധതി തുടരാനാകാത്ത സാഹചര്യമോ ഉണ്ടായാല്‍, അധിക ചിലവില്ലാതെ തന്നെ നിയമപരമായി അവകാശികളിലേക്ക് കൈമാറ്റം നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നവര്‍ പാട്ടത്തുക പൂര്‍ണ്ണമായും അടച്ചുതീര്‍ക്കണം എന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തെ വ്യവസായപാര്‍ക്കുകളില്‍ വലിയ രീതിയില്‍ സ്ഥലം ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് പാട്ട വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top