6 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരെ വെട്ടിനിരത്തി ധനവകുപ്പ്; ഒഴിവാക്കലിന്റെ കാരണമെന്തെന്ന് പറയാതെ സര്‍ക്കാര്‍; ലാഭിച്ചത് 90 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന് അര്‍ഹരായവവരില്‍ ആറു ലക്ഷം പേരെ ഒറ്റയടിക്ക് വെട്ടിനിരത്തി ധനവകുപ്പ്. ഇത്രയും പേരെ ഒരു മാസത്തിനിടയില്‍ ഒഴിവാക്കിയതിന് കാരണമെന്തെന്നുപോലും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല. അതായത് മെയ് – ജൂണ്‍ മാസം ക്ഷേമ പെന്‍ഷന്‍ ലഭിച്ചവരില്‍ ആറുലക്ഷം പേര്‍ക്ക് ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലാതായി മാറി.

മെയ് മാസത്തില്‍ 50,67,633 പേര്‍ക്കും ജൂണ്‍ മാസം 50,90,390 പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കിയെങ്കില്‍ ജൂലൈ മാസം നല്‍കിയത് ആകെ 44,97,794 പേര്‍ക്ക് മാത്രമാണ്. ഇത്രയും പേര്‍ക്ക് 667,15,45,600 രൂപയാണ് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷനായി അനുവദിച്ചത്.

 ജൂലൈ മാസം ക്ഷേമപെന്‍ഷന്‍ അനുവദിച്ചത് 44,97,794 ഗുണഭോക്താക്കള്‍ക്ക്, 667.15 കോടി എന്ന് വ്യക്തമാക്കുന്ന ഉത്തരവ്
ജൂലൈ മാസം ക്ഷേമപെന്‍ഷന്‍ അനുവദിച്ചത് 44,97,794 ഗുണഭോക്താക്കള്‍ക്ക്, 667.15 കോടി എന്ന് വ്യക്തമാക്കുന്ന ഉത്തരവ്

മേയില്‍ 757.03 കോടിയും ജൂണില്‍ 760.56 കോടിയും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ അനുവദിച്ച സ്ഥാനത്ത് ജൂലൈ മാസം അനുവദിച്ചത് വെറും 667.15 കോടി രൂപ മാത്രം. ജൂലൈ മാസത്തില്‍ 5,92,596 പേരുടെ ക്ഷേമ പെന്‍ഷനാണ് വെട്ടിമാറ്റിയത്. ഈ ഇനത്തില്‍ 89.88 കോടിയാണ് ക്ഷേമ പെന്‍ഷന്‍ തുകയായി ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. അതായത്, 89,88,37,300 രൂപ ഇത്രയും പേരുടെ ക്ഷേമ പെന്‍ഷന്‍ വെട്ടിമാറ്റിയതിലൂടെ സര്‍ക്കാര്‍ ലാഭിച്ചു.

ജൂലൈ മാസം ക്ഷേമപെന്‍ഷന് അനുവദിച്ചത് 44,97,794 പേര്‍ക്കുള്ള 667.15 കോടി രൂപയെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഈ മാസം 16 ന് പുറത്തിറങ്ങി. എന്തുകൊണ്ടാണ് ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചത് എന്ന കാര്യം ധനവകുപ്പിന്റെ ഉത്തരവിലെങ്ങും പറയുന്നില്ല.

മേയ് മാസത്തില്‍ 50,67,633 പേര്‍ക്കും ജൂണ്‍ മാസം 50,90,390 പേര്‍ക്കും പെന്‍ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന ഉത്തരവ്

മെയ് മാസത്തില്‍ 50,67,633 പേര്‍ക്കും ജൂണ്‍ മാസം 50,90,390 പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജൂണ്‍ മാസത്തില്‍ മാത്രം 22,757 പേര്‍ക്ക് അധികമായി പെന്‍ഷന്‍ നല്‍കിയതായി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജൂലായ്‌ മാസത്തില്‍ പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവ് ഉണ്ടാകുന്നതിന് പകരം ആറു ലക്ഷം പേരെ ഒറ്റയടിക്ക് വെട്ടിനിരത്തിയതായാണ് കാണുന്നത്. ഇത്രയും പേരെ ഒഴിവാക്കിയതിന് കാരണമെന്തെന്ന് പോലും ഈ മാസം 16-ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഒരിടത്തും പറയുന്നില്ല.

അടിമാലിയില്‍ 80 വയസു കഴിഞ്ഞ രണ്ട് വയോധികമാര്‍ ക്ഷേമ പെന്‍ഷന്‍ നാല് മാസമായി ലഭിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ ചട്ടിയുമായി പിച്ചയ്ക്ക് ഇറങ്ങേണ്ടി വന്നതോടെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ ഇറക്കിയ ഉത്തരവിലാണ് മുന്‍ മാസത്തെ അപേക്ഷിച്ച് 5,92,596 ഗുണഭോക്താക്കളെ വെട്ടിമാറ്റിയത്. ഇതിന്റെ കാരണം ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അപേക്ഷിക്കുന്നവര്‍ക്ക് കൃത്യമായി പെന്‍ഷന്‍ അനുവദിച്ചാല്‍ ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ കിട്ടേണ്ടവരുടെ എണ്ണം കൂടേണ്ട സ്ഥാനത്താണ് വ്യാപക വെട്ടി നിരത്തല്‍ ധനവകുപ്പ് നടത്തിയിരിക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നത്. ഓരോ മാസവും സംസ്ഥാനത്ത് സംഭവിക്കുന്ന മരണനിരക്കിനേക്കാള്‍ കൂടുതല്‍ പേര്‍ ക്ഷേമപെന്‍ഷന് അര്‍ഹമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇത്രയും പേരെ മസ്റ്ററിംഗ് നടത്താത്തതിന്റെ പേരിലാണ് ഒഴിവാക്കിയതെന്ന കാര്യവും ഉത്തരവില്‍ പറയുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരാള്‍ക്ക് രണ്ട് പെന്‍ഷന്‍ വരെ ലഭിക്കുമായിരുന്നു. തോമസ് ഐസക്ക് ധനമന്ത്രിയായ സമയത്താണ് ക്ഷേമ പെന്‍ഷനുകള്‍ ഏകീകരിച്ച് ഒറ്റ പെന്‍ഷനായി മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top