രാജ്ഭവന് 59ലക്ഷം; ട്രഷറി നിയന്ത്രണം പ്രശ്നമല്ല; ഗവർണറുമായി ഏറ്റുമുട്ടലും കേസും മുറപോലെ; ഒത്തുകളിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേസിന് പോയെങ്കിലും രാജ്ഭവന്‍ ആവശ്യപ്പെടുന്ന തുകകള്‍ മുടക്കമില്ലാതെ നല്‍ക്കാന്‍ മുഖ്യമന്ത്രിയുടെ മഹാമനസ്‌കത. ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കി കഴിഞ്ഞ മാസം 28ന് ഗവര്‍ണര്‍ക്ക് 59 ലക്ഷം രൂപ അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍. രാജ്ഭവന് പണം നല്‍കാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് 59 ലക്ഷം അധിക ഫണ്ട് ധനവകുപ്പ് അനുവദിച്ചത്.

ബജറ്റില്‍ അനുവദിച്ച തുക തീര്‍ന്നതോടെയാണ് വീണ്ടും പണം രാജ് ഭവന്‍ ആവശ്യപ്പെട്ടത്. യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് 6 ലക്ഷം, മറ്റ് ചെലവുകള്‍ക്ക് 35 ലക്ഷം, ചികില്‍സ ചെലവിനായി 3 ലക്ഷവും ആണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. പണം ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒക്ടോബര്‍ 4 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ ഒക്ടോബര്‍ 28 ന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവും ഇറങ്ങി.

ഇന്ധനത്തിന് 6.85 ലക്ഷവും മറ്റ് ചെലവുകള്‍ക്ക് 70 ലക്ഷവും യാത്ര ബത്തക്ക് 10 ലക്ഷവും ചികില്‍സ ചെലവിന് 1.75 ലക്ഷവുമാണ് 2023 – 24 ലെ ബജറ്റില്‍ രാജ്ഭവനായി വകയിരുത്തിയിരുന്നത്. 12.52 കോടി രൂപയാണ് ഗവര്‍ണര്‍ക്കും പരിവാരങ്ങള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ബജറ്റ് ശീര്‍ഷകങ്ങളിലെ തുക തീരുന്ന മുറക്ക് പണം ആവശ്യപ്പെടുന്നത് രാജ്ഭവന്റെ പതിവാണ്. ഗവര്‍ണര്‍ ചോദിച്ചാല്‍ പിണറായി ഉടന്‍ പണം അനുവദിക്കും. സാമ്പത്തിക പ്രതിസന്ധിയൊന്നും ഗവര്‍ണര്‍ക്ക് ബാധകമല്ല. ഗവര്‍ണര്‍ക്ക് പണം വാരി കോരി നല്‍കിയിട്ടും ബില്ലുകള്‍ എല്ലാം ഗവര്‍ണര്‍ ഒപ്പിട്ട് കൊടുക്കാത്തതില്‍ മുഖ്യമന്ത്രി ഖിന്നനാണ്.
ഗവര്‍ണ്ണര്‍ക്കെതിരെ രണ്ടും കല്പിച്ചുള്ള നീക്കത്തിന്റെ ഭാഗമായാണ് ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണത്തലവനെതിരെ സര്‍ക്കാര്‍ അസാധാരണ പോരിനിറങ്ങുമ്പോള്‍ രാജ് വനും പിന്നോട്ടില്ല.
ബില്ലുകള്‍ വെച്ച് താമസിപ്പിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ ഹര്‍ജി. ബില്ലില്‍ തീരുമാനം അനന്തമായി നീട്ടരുതെന്ന തെലങ്കാന കേസിലെ സുപ്രീം കോടതി പരാമര്‍ശം വന്നത് മുതല്‍ സര്‍ക്കാര്‍ നിയമയുദ്ധത്തിനുള്ള ശ്രമം ശക്തമാക്കിയിരുന്നു. കേസിന് പോയാല്‍ പിന്നെ ഒരു സമവായവും ഉണ്ടാകില്ലെന്ന രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇടക്ക് ഹര്‍ജി വേണ്ടെന്ന് വെച്ചതാണ്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളും ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴാണ് കേരളവും പോരിനിറങ്ങിയത്.
സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ വിഷയം മാറ്റാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കലഹിക്കുന്നത് പതിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇരുവരും തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്ന കാര്യവും സതീശന്‍ ഇന്ന് മാധ്യമങ്ങളോട് ചൂണ്ടികാട്ടിയിരുന്നു. സതീശന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കാലത്ത് രാജ്ഭവന് 59 ലക്ഷം അധിക ഫണ്ട് അനുവദിച്ച പിണറായിയുടെ നടപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here