എന്തൊരു ശുഷ്‌കാന്തി! പറക്കാത്ത ഹെലികോപ്റ്ററിന്റെ വാടക 2.40 കോടി അനുവദിച്ചു; ട്രഷറി നിയന്ത്രണവും ഒഴിവാക്കി സര്‍ക്കാര്‍

‘ഉണ്ടില്ലെങ്കിലും കോണകം പുരപ്പുറത്ത് വിരിക്കുന്ന’ മിഥ്യാഭിമാനികളുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഓരോ പ്രവര്‍ത്തികളും. സാമ്പത്തിക പരാധീനതക്കിടയിലും മുഖ്യമന്ത്രിയുടെ പറക്കാത്ത ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക കുടിശ്ശികയായി രണ്ടു കോടി 40 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 230 രൂപയ്ക്ക് ആശമാര്‍ ജോലി ചെയ്യുന്ന നാട്ടിലാണ് പറക്കാത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപ വാടകയായി നല്‍കുന്നത്.

2024 ഒക്ടോബര്‍ 20 മുതല്‍ 2025 ജനുവരി വരെയുള്ള കുടിശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് 2.40 കോടി രൂപ അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് ഉള്ളതുകൊണ്ട് ട്രഷറിയില്‍ നിന്ന് തുക ഉടന്‍ ഹെലികോപ്റ്റര്‍ ഉടമകള്‍ ആയ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും.

വാടക കുടിശിക ആവശ്യപ്പെട്ട് പോലിസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അനുവദിക്കാന്‍ മുഖ്യമന്ത്രി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് അടിയന്തിര നിര്‍ദ്ദേശം നല്‍കുക ആയിരുന്നു. ഈ മാസം ആറിനാണ് തുക അനുവദിച്ചു ധനവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയത്.

2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. അന്നു മുതല്‍ 2024 ജൂണ്‍ 19 വരെയാണ് 7.20 കോടി രൂപ വാടകയിനത്തില്‍ നല്‍കിയതായി നിയമസഭയിലെ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

ഒരു മാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും വാടക നല്‍കിയാണ് ന്യൂഡല്‍ഹി കേന്ദ്രമായ ചിപ്സന്‍ ഏവിയേഷന്‍ കമ്പനിയുടെ ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു കരാര്‍. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ അന്നത്തെ സാഹചര്യം പരിശോധിച്ചു രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top