കേരളീയത്തിന് ലാവിഷായി ചെലവാക്കാം, ലൈഫിന് ‘നോ മണി’; 7 ദിവസം വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ 27 കോടി, പാര്‍പ്പിട പദ്ധതിക്ക് 7 മാസം കൊണ്ട് വെറും 18 കോടി
തിരുവനന്തപുരം: കേരളത്തിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ പ്രചരണത്തിനായി മാത്രം ചിലവഴിക്കുന്നത് കോടികള്‍. പ്രചരണത്തിനും പരസ്യത്തിനായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുമ്പോള്‍ ശമ്പളം നല്‍കാനും ഭവനപദ്ധതികള്‍ക്കും പണം അനുവദിക്കാന്‍ കാശില്ലാതെ സര്‍ക്കാര്‍ വലയുകയാണ്. നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ഏഴു ദിവസത്തെ കേരളീയം പരിപാടിക്ക് 27 കോടി രൂപയാണ് വകയിരുത്തിയിരുക്കുന്നത്.
പരിപാടിയുടെ പ്രചാരണത്തിന് മാത്രം നാല് കോടിയോളം രൂപ ചിലവഴിക്കുന്നുണ്ട. മീഡിയ സെന്റര്‍ സജ്ജമാക്കുന്നത് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാര്‍ വരെ ഒരുക്കിയാണ് വമ്പന്‍ പ്രചാരണം നടക്കുന്നത്. ഒരു കൗണ്ടര്‍ ഒരുക്കുന്നതിന് മാത്രം രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവിടെ കംപ്യൂട്ടര്‍ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപയും പ്രത്യേകമായി വകയിരുത്തി. ഇന്റര്‍നെറ്റ് സൗകര്യത്തിന് 25000 രൂപ, മീഡിയ സെന്ററിലെ പ്രവര്‍ത്തകരുടെ താമസത്തിനും ഭക്ഷണത്തിനും 11 ലക്ഷം. ദില്ലി ദേശീയ അന്തര്‍ ദേശീയ മീഡിയ ഡെസ്‌കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് ലക്ഷം. സോഷ്യല്‍ മീഡിയ പുഷിംഗ് ആന്റ് പ്രമോഷന്‍ എന്ന പേരില്‍ 30 ലക്ഷത്തി 50000 രൂപ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50000 രൂപ, ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും കൈകാര്യം ചെയ്യാന്‍ ആറ് ലക്ഷം രൂപ ഇങ്ങനെയാണ് വിവിധ ഹെഡുകളിലായി വമ്പന്‍ തുകകള്‍ വകയിരുത്തിയിരിക്കുന്നത്.
ലൈഫ് പദ്ധതിക്കു പോലും കൃത്യമായി പണം അനുവദിക്കാത്ത സര്‍ക്കാറാണ് ഈ കോടികള്‍ മുടിക്കുന്നത്. പാവപ്പെട്ടവരുടെ ഭവന പദ്ധതിയായ ലൈഫ് മിഷന് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏഴു മാസം കൊണ്ട് നല്‍കിയത് വെറും 18 കോടി രൂപ മാത്രമാണ്. ഒമ്പത് ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍ ധനവകുപ്പ് ലൈഫ് മിഷന് പണം നല്‍കുന്നില്ലെന്നാണ് പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 717 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷനായി ബജറ്റില്‍ വകയിരു ത്തിയത്. ബജറ്റ് തുകയുടെ 2.55 ശതമാനമാണ് ഇതുവരെയുള്ള പദ്ധതി ചെലവ്. ലൈഫ് മിഷന് ഏഴ് മാസം കൊണ്ട് നല്‍കിയത് 18 .28 കോടി രൂപ മാത്രമാണ്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ അഞ്ച് മാസം മാത്രം ഉള്ളപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതി ചെലവ് പരമാവധി 10 ശതമാനത്തില്‍ ചുരുങ്ങിയേക്കാം. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വാഴ്ത്തിപ്പാടുന്ന ലൈഫ് മിഷന്റെ നിലവിലെ അവസ്ഥ.
കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍ പകുതി മാത്രമാണ് നല്‍കിയത്. ബാക്കിത്തുക നല്‍കാന്‍ 40 കോടി രൂപ കൂടി ആവശ്യമാണ്.20,000 ജീവനക്കാരും 40,000 പെന്‍ഷന്‍കാരുള്‍പ്പടെയുള്ളവര്‍ കൊടും പട്ടിണിയിലാണ്. 142 കോടി രൂപയാണ് രണ്ട് മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത്. ഇതിനൊന്നും പണമില്ലാതെ വിഷമിക്കുന്ന സര്‍ക്കാരാണ് കേരളീയത്തിനായി കോടികള്‍ ധൂര്‍ത്തടിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here