അര്‍ജുനായി അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ഡികെ ശിവകുമാറുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്

കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് ദിവസമായി കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ഇടപെടലുകള്‍ നടത്താന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഷിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ മന്ത്രി മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഡി.കെ ശിവകുമാര്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
നാല് ദിവസം മുമ്പാണ് ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ അപകടമുണ്ടായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലെ ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. നാല് ദിവസമായി ഇവിടെ തന്നെയാണ് ലോറിയുടെ ലൊക്കേഷന്‍. അപകടം നടന്ന സമയത്ത് ഫോണ്‍ ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫോണ്‍ ഓണ്‍ ആയിരുന്നു. ഇത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here