സിഎഎക്കെതിരെ കേരളം നിയമ പോരാട്ടത്തിന്; സുപ്രീംകോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ തീരുമാനം; കോണ്‍ഗ്രസ് ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഭരണഘടനാ വിരുദ്ധമായ നിയമം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 2020ല്‍ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തീരുമാനിച്ചത്.

എത്രയും വേഗത്തില്‍ തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് കേരളത്തില്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജീവിക്കാനുള്ള അവകാശം പൗരന്‍മാര്‍ക്ക് മാത്രമല്ല ഇന്ത്യയിലുള്ള എല്ലാവര്‍ക്കുമാണ്. അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധമായ നിയമം നടപ്പാക്കേണ്ട നിയമപരമായ ബാധ്യത സംസ്ഥാനങ്ങള്‍ക്കില്ല. ഇക്കാര്യത്തില്‍ അവസാന തീരുമാനം ഉണ്ടാകേണ്ടത് സുപ്രീംകോടതിയില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.

ബിജെപി ഇംഗ്ലീഷില്‍ പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസ് മലയാളത്തില്‍ പറയുകയാണ്. സിഎഎക്കെതിരെ കോണ്‍ഗ്രസ് നിയമപരമായ ഒരു നീക്കവും നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയടക്കം പ്രധാന നേതാക്കള്‍ ഒരു അഭിപ്രായം പോലും പറഞ്ഞതായി കണ്ടില്ല. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ നിലപാട് സ്വീകരിക്കാന്‍ വൈകാന്‍ പാടില്ല. ഇപ്പോള്‍ ചെയ്യേണ്ടത് ഭരണഘടനാ വിരുദ്ധമായ നിയമത്തെ ചെറുത്തു തോല്‍പ്പിക്കലാണ്. അല്ലാതെ സിഎഎ പ്രതിഷേധത്തിനെതിരായ കേസ് പിന്‍വലിച്ചില്ലെന്ന് പറയുന്നത് വിഷയത്തെ വഴി തെറ്റിക്കലല്ല. കേസ് പിന്‍വലിക്കുന്നതിന് നിയമപരമായ നടപടിക്രമമുണ്ട്. മുദ്രാവാക്യം നോക്കിയല്ല കേസുകള്‍ എടുക്കുന്നത്. അത് നിയമപരമായ കാര്യമാണ്. സംഘര്‍ഷവും വര്‍ഗീയ വിഭജനവുമാണ് ബിജെപി ആഗ്രഹിക്കുന്നത്. കേസുകള്‍ സംബന്ധിച്ച ചര്‍ച്ചകളിലൂടെ കോണ്‍ഗ്രസ് ആ തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും പി.രാജീവ് ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top