സുപ്രീംകോടതി അതിരു കടക്കരുത്; രണ്ട് ജഡ്ജിമാര്‍ ഭരണഘടനയില്‍ മാറ്റം വരുത്തേണ്ട; ആഞ്ഞടിച്ച് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഗവര്‍ണര്‍മാരെ അതിരൂക്ഷമായി വിമര്‍ശിച്ചും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചിക്കുകയും ചെയ്ത് സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ജുഡീഷ്യറിയുടെ അതിരു കടന്ന ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്. അതിന് ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും. അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും കാരണം ഉണ്ടാകും.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സുപ്രീം കോടതി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരികയാണ്. പിന്നെ എന്തിനാണ് നിയമസഭയും പാര്‍ലെമന്റുമെല്ലാം. ഭരണഘടന ഭേദഗതി പാര്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അല്ലാതെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് തീരുമാനിക്കേണ്ടതല്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
തമിഴ്‌നാടിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവിടെ വിശദമായി ഇക്കാര്യം പരിശോധിക്കപെടുമായിരുന്നു. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഒരു സമയപരിധി വേണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സുപ്രീം കോടതിക്കെതിരെ പൊട്ടിത്തെറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here