ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്, ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം വൈകിപ്പിച്ചതിലൂടെ ജുഡീഷ്യറിയെ സംശയത്തിലാക്കിയെന്ന് വാദം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിൻ്റെ നിയമനം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിപ്പിച്ചത് സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. നിയമനത്തിന് ഗവർണർ കാലതാമസം വരുത്തിയതോടെ ജുഡീഷ്യറിയും മുൻ ചീഫ് ജസ്റ്റിസും സംശയത്തിൻ്റെ നിഴലിൽ നിൽക്കേണ്ടി വന്നുവെന്നാണ് സർക്കാരിൻ്റെ ആക്ഷേപം. ഗവർണർക്കെതിരെ മുൻപെ സർക്കാർ തുടങ്ങിവച്ചിട്ടുള്ള വ്യവഹാരങ്ങളുടെ ഭാഗമായിട്ടാകും പുതിയ ആക്ഷേപം കൊണ്ടുവരിക.
ജസ്റ്റിസ് മണികുമാറിൻ്റെ നിയമനത്തിന് അംഗീകാരം തേടി എട്ടുമാസം മുമ്പാണ് ഫയൽ സർക്കാർ ഗവർണർക്ക് സമർപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിൻ്റെ നിയമനത്തിന് രാജ്ഭവൻ അംഗീകാരം നൽകിയത്. തൊട്ടുപിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ചുമതല ഏൽക്കാനാവില്ലെന്ന് ജസ്റ്റിസ് മണികുമാർ ഗവർണറെ രേഖാമൂലം അറിയിച്ചു. പിതാവിൻ്റെ മരണം മൂലം നാട്ടിൽ തന്നെ തുടരേണ്ട സാഹചര്യമുണ്ട് എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി അദ്ദേഹത്തിന് നിയമനം കിട്ടുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ്റെ പേര് ശുപാർശ ചെയ്യുന്നത്. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു.
ഗുരുതര ആരോപണങ്ങളാണ് ജസ്‌റ്റിസ് എസ് മണികുമാറിനെതിരെ രമേശ് ചെന്നിത്തല ഉന്നയിച്ചത്. തൻ്റെ ഹർജികൾ പരിഗണിക്കാതെ മണികുമാർ പെട്ടിയിൽ പൂട്ടി വെച്ചു. കൊവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യ ഡാറ്റ വിറ്റ് കാശാക്കിയ സ്‌പ്രിംഗ്‌ളര്‍ അഴിമതിയില്‍ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ഘട്ടത്തിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് നന്നായി മുന്നോട്ട് കൊണ്ടുപോയെങ്കിലും അദ്ദേഹം മാറുകയും കേസ് അനന്തമായി നീളുകയുമായിരുന്നു. സർക്കാരിനെതിരെ താൻ നൽകിയ എട്ടോ ഒമ്പതോ പൊതുതാല്‍പര്യമുള്ള കേസുകളിൽ ഒന്നിൽ പോലും അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ നടപടി എടുത്തില്ലെന്നും ചെന്നിത്തല ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാൻ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കൽപങ്ങള്‍ക്ക് വിരുദ്ധമാണ്. ശുപാര്‍ശ സ്വീകരിക്കരുത് എന്നായിരുന്നു ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് പിന്നാലെ മണികുമാറിന് മുഖ്യമന്ത്രി മന്ത്രിമാരും ചേർന്ന് കോവളത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്നൊരുക്കിയത് വൻ ചർച്ചയായിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്തരമൊരു കീഴ്വഴ്ക്കമില്ല എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള ശുപാർശ സർക്കാർ ഗവർണർക്ക് അയച്ചത്. ഇതിലാണ് തീരുമാനമെടുക്കാതെ ഗവർണർ വൈകിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here