വ്യാപകമായി പിരിക്കാന്‍ ഉത്തരവ്; ഉച്ചഭക്ഷണ പദ്ധതിയെ കയ്യൊഴിഞ്ഞ് സർക്കാർ
തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പണ പിരിവ് നടത്താൻ സ്കൂളുകള്‍ക്ക് നിർദേശം നൽകിവിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിച്ച് പണവും സാധനങ്ങളും സ്കൂളുകൾ തന്നെ കണ്ടെത്തണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നവംബര്‍ 15 ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു . ഉച്ചഭക്ഷണ പദ്ധതിയിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ സ്‌കൂളുകളോടും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പിന്തുണ തേടി കമ്മിറ്റി രൂപീകരിക്കാനാണ് നിർദേശം.
അതായത് സ്കൂളിൽ ഉച്ചഭക്ഷണം മുടങ്ങിയാൽ അതിൻ്റെ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കുമെന്നും സംസ്ഥാന സർക്കാരിൻ്റെ കയ്യിൽ ഇതിനായി ചിലവഴിക്കാൻ പണമില്ലെന്നുമാണ് ഉത്തരവിലൂടെ വിദ്യാഭ്യാസ വകുപ്പ് പറയാതെ പറയുന്നത്. ഉച്ചഭക്ഷണ പദ്ധതിയിൽ 60 ശതമാനം വിഹിതമുള്ള കേന്ദ്രത്തിനെ പരോക്ഷമായി കുറ്റം പറഞ്ഞു കൊണ്ടാണ് ഉച്ചഭക്ഷണ പദ്ധതിയിലുള്ള ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ തലയൂരുന്നത്. കേന്ദ്ര വിഹിതം വൈകുന്നതിനാൽ പദ്ധതിക്കായി പണം സ്വരൂപിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് വിശദീകരണം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് 200 കോടി രൂപ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലർ. വിദ്യാഭ്യാസ വകുപ്പിൻ്റെ കുടിശികയുള്ളത് കാരണവും വിതരണക്കാർക്ക് പണം നൽകാത്തതിനാലും സപ്ലൈകോയ്ക്ക് സാധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കാനാവില്ലെന്ന സപ്ലൈകോയുടെ നിലപാടും പുതിയ ഉത്തരവിറക്കാൻ കാരണമായതെന്നാണ് സൂചനകൾ.
2021-22 സാമ്പത്തിക വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. പബ്ലിക് ഫിനാൻസ് മാനേജ്മെന്‍റ് സംവിധാനം കൊണ്ടുവന്നതിനാലാണ് ഉച്ചഭക്ഷണ പരിപാടിയിൽ പ്രതിസന്ധി നേരിടുന്നതെന്നാണ് മറ്റൊരു വിശദീകരണം. ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിലുള്ള സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പഞ്ചായത്ത് മെംബർ രക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായ സമിതികൾക്ക് നവംബർ 30 ന് മുമ്പ് രൂപം കൊടുക്കാനാണ് പൊതുവിദ്യാഭാസ ഡയറക്ടര്‍ ഷാനവാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമിതിയിൽ പിടിഎ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരെയും അംഗങ്ങളാക്കാം.
ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്നസർക്കാർ ഫണ്ടിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ സ്‌കൂളുകളിൽ ഭക്ഷണവിതരണം തുടരുന്നതിന്റെ ചുമതല ഈ സമിതിക്കായിരിക്കും. രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പ്രദേശത്തെ വിഐപികൾ എന്നിവരിൽ നിന്ന് പലിശ രഹിത വായ്പ വഴി പണം കണ്ടെത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമുണ്ട്. സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ഈ പണം തിരികെ നൽകാൻ പ്രധാനാധ്യാപകൻ ബാധ്യസ്ഥനാണെന്നും സർക്കുലറിൽ പറയുന്നു.
വിവിധ സഥാപനങ്ങളുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടും ഉച്ചഭക്ഷണ പദ്ധതിക്കായി സ്വീകരിക്കാം. ഇത്തരത്തിൽ പുറത്തുനിന്നും കണ്ടെത്തുന്ന പണം ഉപയോഗിച്ച് പ്രഭാത ഭക്ഷണ വിതരണവം ആരംഭിക്കാം എന്നും ഉത്തരവിൽ പറയുന്നു. നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പന്ത്രണ്ടായിരത്തി നാൽപത് (12,040) സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കീഴിൽ രണ്ടായിരത്തി നാന്നൂറോളം സ്‌കൂളുകളിൽ നിലവിൽ പ്രഭാത ഭക്ഷണ പദ്ധതിയും നടന്നു വരുന്നുണ്ട്. എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തിലാണ് നിലവിൽ പദ്ധതി നടപ്പാക്കി വരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here