കോടതിയില്‍ നാണംകെട്ട് സര്‍ക്കാര്‍ വീണ്ടും; പ്രോസിക്യൂഷൻ മലക്കം മറിഞ്ഞിട്ടും തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാന സർക്കാരിന് കോടതികളിൽ നിന്നും തിരിച്ചടി. ഗവർണറെ കരിങ്കൊടി കാണിക്കുകയും വഴിതടയുകയും ചെയ്ത കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും നവകേരള സദസിൻ്റെ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ നിന്നുമാണ് സർക്കാർ നിലപാടിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഗവർണറുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെഎസ്‌യു നേതാക്കളുമായിരുന്നു പ്രതികൾ. ഗവർണറെ തടഞ്ഞ കേസിൽ സർക്കാർ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും ഒരേ സ്വരത്തിൽ വാദിക്കുന്ന അപൂർവ കാഴ്ചയാണ് തിരുവനന്തപുരം കോടതിയിൽ അരങ്ങേറിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ പ്രോസിക്യൂഷൻ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഗവർണർക്കെതിരെ നടന്നത് പ്രതിഷേധം മാത്രമാണെന്നും അതിനാൽ പ്രതികൾക്കെതിരെ ചുമത്തിയ 124 ആം വകുപ്പ് നിലനിൽക്കുമോയെന്ന സംശയവും അസി. പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു പ്രകടിപ്പിച്ചു.

പ്രോസിക്യൂഷന് പിന്നാലെ പ്രതികളുടെ അഭിഭാഷകനും 124 നിലനില്‍ക്കില്ലെന്ന് വാദിക്കുകയായിരുന്നു. എന്നാൽ ഇരുകൂട്ടരുടേയും വാദം മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ തള്ളി ഏഴുപ്രതികളെയും ഡിസംബർ 23 വരെ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ആദ്യം ജാമ്യം ലഭിക്കുന്ന ദുർബലമായ വകുപ്പുകളായിരുന്നു കൻ്റോൺമെൻ്റ് പോലീസ് ചുമത്തിയത്. ഗവർണറുടെ പ്രതിഷേധത്തെ തുടർന്ന് ഐപിസി 124 ആം വകുപ്പ് ചുമത്താന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. രാഷ്ട്രപതിയേയും സംസ്ഥാന ഗവര്‍ണര്‍മാരേയും തടയുന്നതും ആക്രമിക്കുന്നതും ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിയിട്ടുളള വകുപ്പാണിത്. ഡിസംബര്‍ 12- കേസ് പരിഗണിച്ചപ്പോള്‍ നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചിരുന്നു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. എന്നാൽ ഡിസംബർ 13-ന് വിശദമായ വാദം കേൾക്കവേ പ്രോസിക്യൂഷൻ മലക്കം മറിഞ്ഞത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു.

പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കെഎസ്‌യുക്കാര്‍ ഷൂ എറിഞ്ഞ കേസിൽ പോലീസിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയത്. ഓടുന്ന ബസിന് നേരെ ഷൂ എറിഞ്ഞാല്‍ വധശ്രമക്കേസ് എങ്ങനെ ചുമത്താന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. “ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദനം നടത്തുമ്പോള്‍ പോലീസ് ഉണ്ടായിരുന്നില്ലേ? എങ്ങനെ രണ്ടുനീതി നടപ്പിലാക്കാന്‍ കഴിയും? മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോര, ജനങ്ങളെക്കൂടി പോലീസ് സംരക്ഷിക്കണം. പോലീസ് ചെയ്യുന്നത് നീതികേടാണ്. നീതി എല്ലാവർക്കും ലഭിക്കാനുള്ളതാണ്”- കോടതി പറഞ്ഞു. അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ജിബിൻ ദേവകുമാർ, ജെയ്ഡൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. മനപൂർവമായ നരഹത്യാശ്രമം ഉള്‍പ്പെടെ ഐപിസി 308, 353, 283 എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും ആഴ്ചയില്‍ രണ്ടുദിവസം പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ കോടതി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ അതിനുമുമ്പ് അടിയന്തരമായി ലാത്തിചാര്‍ജില്‍ പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു.

പൊതുസ്ഥലത്തുവച്ച് പ്രതികളെ മര്‍ദ്ദിച്ചവര്‍ എവിടെയെന്ന് കോടതി ആരാഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിച്ചതായി കെഎസ്‌യു പ്രവര്‍ത്തകര്‍ കോടതിയിൽ പരാതിപ്പെട്ടു. തുടര്‍ന്ന് പരാതി വിശദമായി എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊതുമധ്യത്തില്‍ തല്ലിച്ചതച്ചവരുടെ കയ്യിലേക്ക് എങ്ങനെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ നല്‍കാനാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top