ട്രഷറി അടച്ചുപൂട്ടലിലേക്ക്; പ്രതിസന്ധി അതിരൂക്ഷം; ഭരണാനുമതിയായ പദ്ധതികളുടെയും 50% വെട്ടിക്കുറച്ചു; കടമെടുപ്പ് പരിധിയും തീരുന്നു; ശമ്പളം മുടങ്ങുമോ?
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കേരളത്തിൻ്റെ ട്രഷറി അടച്ചുപൂട്ടുമോ? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമോ? സൂചനകൾ എല്ലാം കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയിൽ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ കേരളം കടമെടുത്തിരുന്നു. ഇതോടെ ഇനി ഡിസംബർ വരെ നയാപൈസ കേരളത്തിന് കടമെടുക്കാനാകില്ല.
ഓണക്കാലത്ത് എടുത്ത 4,200 കോടി രൂപയുടെ കടം കേന്ദ്രം സ്പെഷ്യൽ സാങ്ഷൻ നൽകിയതു വഴി സാധ്യമായതാണ്. ഇത് ജനുവരി -മാർച്ച് കാലത്തെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന നിബന്ധനയുണ്ട്. ജനുവരി-മാർച്ച് കാലത്ത് എടുക്കാൻ കഴിയുന്ന 16,259 കോടിയിൽ നിന്ന് 4,200 കോടി രൂപ അഭ്യർത്ഥന പ്രകാരം മുൻകൂർ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം ഓണക്കാലത്ത് പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇതോടെ ഡിസംബറിന് ശേഷവും സാമ്പത്തിക പ്രതിസന്ധി അവസാനിക്കില്ലെന്ന് ഉറപ്പായി.
ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വർഷം ഭരണാനുമതി നൽകിയ പദ്ധതികൾക്കുള്ള വിഹിതം 50 % വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായത്. മുൻഗണനാ പദ്ധതികൾ ഒഴികെ 50 ശതമാനം വെട്ടിക്കുറവാണ് ഉത്തരവിൽ വ്യക്തമാക്കിയത് എങ്കിലും, വകുപ്പുകളിലേക്ക് മേലധികാരികൾ നടത്തിയ റിപ്പോർട്ടിംഗിൽ തത്വദീക്ഷയില്ലാതെ 50 ശതമാനം നേരിട്ട് വെട്ടാനാണ് രേഖാമൂലം ഇംപ്ലിമെൻ്റിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ടെണ്ടർ നൽകി വർക്ക് അവാർഡ് ചെയ്ത പദ്ധതികൾക്കാണ് ഇതുവഴി കൂച്ചുവിലങ്ങ് വരുന്നത്. അതായത് പദ്ധതി നടപ്പായാൽ പോലും കരാറുകാർക്ക് പണം ലഭിക്കില്ല. ഇതു മനസിലാക്കുന്ന കരാറുകാർ പ്രവർത്തിയിൽ നിന്നും പിൻമാറാനുള്ള തയാറെടുപ്പിലാണ്. പലരും രേഖാമൂലം ഇത്തരം അറിയിപ്പുകൾ ഇംപ്ലിമെറ്റിംഗ് ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. സമ്പൂർണ പ്രവൃത്തി സ്തംഭനമാണ് ഇതുവഴി ഈ സാമ്പത്തിക വർഷം സംഭവിക്കുക. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സംസ്ഥാനത്തില്ലാതാകും.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ദൂരവ്യാപകമായി ഇത് ബാധിക്കും. കരാറുകാരുടെ തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം, കരാറുകാർ വാങ്ങുന്ന നിർമാണ സാമഗ്രികൾ, മറ്റ് സേവനങ്ങൾക്ക് നൽകുന്ന പണം എന്നിവയാണ് കേരളത്തിൻ്റെ വിപണിയുടെ ലിക്വിഡിറ്റിയെ ചലനാത്മകമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും 50 ശതമാനം വെട്ടിയാൽ പൊതുവിപണിയിലും അത്രയും തുകയുടെ നേരിട്ടുള്ള കുറവുണ്ടാകും. വിപണിയിൽ ഇപ്രകാരമുണ്ടാക്കുന്ന കുറവ് ടാക്സ് വരുമാനത്തെ നേരിട്ടു തന്നെ ബാധിക്കും. ഇതു സർക്കാരിൻ്റെ ശമ്പളമടക്കമുള്ള പൊതു ചെലവുകളുടെ താളം തെറ്റിക്കുന്ന ചാക്രികപ്രതിഭാസമായി വളരെ വേഗത്തിൽ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
കേന്ദ്ര സർക്കാർ കടമെടുക്കാനുള്ള പരിധി വർധിപ്പിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയെ നടപ്പു സാമ്പത്തിക വർഷം കേരളത്തിന് മറികടക്കാനാവൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാൽ തന്നെ ഇത്തവണയും കേന്ദ്രം കേരളത്തോട് കനിയാനിടയില്ല.
വയനാട് ദുരന്തമുണ്ടായി രണ്ടു മാസമായിട്ടും ദുരന്തനിവാരണ ഫണ്ടിൽ നിന്നും കാര്യമായ സഹായം കേന്ദ്രം കേരളത്തിന് നൽകിയിട്ടില്ല. അതിന് ശേഷം വയനാടിനെക്കാൾ വളരെ ചെറിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ഉത്തരഖണ്ഡ്, ത്രിപുര, ആന്ധ്ര, തെലങ്കാന, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ചെറുതും വലുതുമായ നിരവധി സാമ്പത്തിക ആശ്വാസ നടപടികൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here