സര്‍ക്കാരിന്റെ അസാധാരണ നീക്കം; ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു. ഒരാഴ്ചക്കിടയില്‍ ഗവർണർക്കെതിരെ സംസ്ഥാനം നൽകുന്ന രണ്ടാമത്തെ ഹർജിയാണിത്.

പൊതുആരോഗ്യ ബില്ല് അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമസെക്രട്ടറിയുമാണ് ഹർജിക്കാർ. ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണ്. തനിക്ക് തോന്നുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് തികച്ചും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും കഴിഞ്ഞയാഴ്ച് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് വെള്ളിയാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടയില്‍ ഗവര്‍ണക്കെതിരെ രണ്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് അസാധാരണമായ സംഭവമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു,

അതേസമയം, സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുറച്ചാണ് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും നീങ്ങുന്നത്. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ബില്ലുകളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ സർക്കാരിൽനിന്നുള്ള വ്യക്തത തനിക്ക് വേണം. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകൾ കൊണ്ട് വരേണ്ടതെന്നാണ് ഗവർണറുടെ ചോദ്യം. മുഖ്യമന്ത്രി അയച്ച കത്ത് പിൻവലിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്നും ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കും. ഒപ്പിടാനുള്ള 16 ബില്ലുകളും രണ്ട് ഓർഡിനൻസുകളും സുപ്രീംകോടതിയുടെ തീരുമാനമറിഞ്ഞശേഷം പരിഗണിക്കാമെന്നും ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രിം കോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top