സിപിഎം യു ടേണ്‍ അടിക്കുമോ; തോറിയം ഉപയോഗിച്ചുള്ള ആണവ വൈദ്യുതോല്‍പാദന പ്ലാന്റിന് അനുമതി തേടി; നയംമാറ്റത്തെക്കുറിച്ച് മിണ്ടാട്ടമില്ലാതെ ഇടതുമുന്നണി
തിരുവനന്തപുരം: കേരളത്തില്‍ ആണവവൈദ്യുതിനിലയം സ്ഥാപിക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ആവശ്യപ്പെട്ട് സിപിഎം നയിക്കുന്ന ഇടത് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ആണവ നിലയങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിട്ടുള്ള സിപിഎം തന്നെയാണ് കേരളത്തില്‍ ആണവോര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതോല്‍പാദനം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഈ നയംമാറ്റത്തിന്റെ കാരണം പാര്‍ട്ടിയോ ഇടതുമുന്നണിയോ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഈ മാസം ഒന്‍പതിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആർ.കെ.സിംഗിന് നല്‍കി. തോറിയം ഉപയോഗിച്ചുള്ള വൈദ്യുതോല്‍പാദനം നടത്താന്‍ സംസ്ഥാനത്ത് സാധ്യതയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. കേരള തീരത്ത് വലിയ തോതില്‍ തോറിയം നിക്ഷേപമുണ്ട്. ഇതുപയോഗിച്ച് വൈദ്യുതോല്‍പാദന പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു. തോറിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവ വൈദ്യുതി നിലയം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
തോറിയം ഉപയോഗിച്ച് കല്‍പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്ന കാര്യം കത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. കേരളം പോലുള്ള സ്ഥലത്ത് തോറിയത്തിന്റെ ലഭ്യത വളരെ കൂടുതലായതുകൊണ്ട് ചിലവ് കുറഞ്ഞ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുമെന്ന് കൃഷ്ണന്‍കുട്ടിയുടെ കത്തില്‍ പറയുന്നുണ്ട്.
തമിഴ്നാട്ടിലെ കൂടംകുളം നിലയത്തിന്നെതിരായുള്ള പ്രക്ഷോഭത്തിലും മുന്‍നിരയില്‍ സിപിഎമ്മുണ്ടായിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിന്റെ പേരിൽ 2008-ജൂലായ് എട്ടിനാണ് യുപിഎ സർക്കാരിനുള്ള പിന്തുണ പാർട്ടി പിൻവലിച്ചത്. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിന് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. ആ നിലപാടില്‍ വെള്ളം ചേര്‍ത്തോ എന്ന സംശയമാണ് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ കത്തോടെ പുറത്ത് വന്നിരിക്കുന്നത്.
പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ കായംകുളത്തെ എന്‍ടിപിസിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആണവ റിയാക്ടറുകള്‍ വികസിപ്പിക്കുന്നതിനു ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡുമായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനുമായി (എന്‍ടിപിസി) ഈയിടെ കരാര്‍ ഒപ്പ് വെച്ചിരുന്നു. കായംകുളത്ത് 1150 ഏക്കറോളം ഭൂമി എൻടിപിസിയുടെ കൈവശമുണ്ട്. ഇത്തരം ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്ന പ്രധാന പ്രദേശം ഇത് തന്നെയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here