കൊലയാളി സഖാക്കളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് മുടക്കിയത് 2.86 കോടി; ലൈഫ് മിഷന്‍ വഴി 71 വീടുകള്‍ നിര്‍മ്മിക്കാം
സിപിഎം പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള രാഷ്ട്രീയ കൊലക്കേസുകളില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചത് 2.72 കോടി രൂപ. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് ഇത്രയും പണം രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്കായി ചിലവഴിച്ചിരിക്കുന്നത്. പെരിയ ഇരട്ടക്കൊല കേസിലും ഷുഹൈബ് കൊലക്കേസിലുമായാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് സിബിഐ അന്വേഷണം എന്ന ഇരകളുടെ ബന്ധുക്കളുടെ ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനായാണ് ഈ തുക ചിലവഴിച്ചിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതക കേസുമായി ബന്ധപ്പെട്ട് പുറത്തു നിന്നെത്തിയ അഭിഭാഷകര്‍ക്ക് 2,72,40,000 രൂപ വക്കീല്‍ ഫീസായി നല്‍കിയെന്ന് നിയമ മന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി. സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ലൈഫ് മിഷന്‍ വഴി 71 വീടുകള്‍ നിര്‍മ്മിക്കാനുള്ള പണമാണ് സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചിലവഴിച്ചതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 9 ലക്ഷം പേരാണ് ലൈഫ് മിഷന്‍ വീട് ലഭിക്കാന്‍ കാത്ത് കിടക്കുന്നത്.
പെരിയ കേസിലെ പ്രതികള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ നിന്ന് 3 പ്രമുഖ അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. സീനിയര്‍ അഭിഭാഷകരായ മനീന്ദര്‍ സിംഗ്, പ്രഭാസ് രാജ് , രജ്ഞിത് കുമാര്‍ എന്നിവരാണ് ഹാജരായത്. 88 ലക്ഷം രൂപ ഇവര്‍ക്ക് ഖജനാവില്‍ നിന്ന് വക്കീല്‍ ഫീസ് നല്‍കി. യാത്രാ ചിലവായി ലക്ഷങ്ങള്‍ വേറെയും. എന്നാല്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇരകളുടെ മാതാപിതാക്കളുടെ ഹര്‍ജി അംഗീകരിച്ച് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുേമ്പാള്‍ തടഞ്ഞ് നിര്‍ത്തി വെട്ടികൊല്ലുകയായിരുന്നു. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്. ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.
കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബ് കൊലപാതക കേസിലെ സിപിഎം പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഹൈക്കോടതിയില്‍ എത്തിച്ചത് വിജയ് ഹന്‍സാരിയ, അമരീന്ദ ശരന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകരെയായിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്. ഈ കേസില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ സര്‍ക്കാരിന് അനുകൂല വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. രാഷ്ട്രിയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിന്‍ പി റാവല്‍ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്.
ഇവര്‍ക്കെല്ലാം ഫീസിന് പുറമെ യാത്ര ചെലവ്, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നായിരുന്നു.വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും ചെലവായി. ആകെ ചെലവായത് 2,86,02,172 രൂപ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here