126 കോടിയുടെ അറസ്റ്റില്‍ മൗനംപാലിച്ച്‌ ജിഎസ്ടി വകുപ്പ്; പ്രതി ജയിലിലായിട്ടും തട്ടിപ്പ് രഹസ്യമാക്കുന്നു

കൊച്ചി : കേരളത്തില്‍ കണ്ടെത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും വലിയ നികുതി തട്ടിപ്പ് കണ്ടെത്തിയിട്ടും ഔദ്യോഗികമായി ഒരു വിവരവുംം പുറത്തുവിടാതെ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വകുപ്പ്. 126 കോടിയുടെ തട്ടിപ്പാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് സ്ഥാപനത്തില്‍ കണ്ടെത്തിയത്. ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത്രയും വലിയ നികുതി തട്ടിപ്പ് നടത്തിയത്. പരിശോധനയില്‍ ഇക്കാര്യങ്ങല്‍ വ്യക്തമായതോടെ കമ്പനി ഡയറക്ടര്‍ പ്രതാപന്‍ കോലാട്ട് ദാസനെ ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ ഒന്നിനാണ് അറസ്റ്റ് നടന്നത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതാപനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സാധാരണ ഇത്തരത്തിലുള്ള നികുതിവെട്ടിപ്പുകള്‍ കണ്ടെത്തുമ്പോള്‍ ഇക്കാര്യം പത്രകുറിപ്പായി പുറത്തിറക്കുകയാണ് ജിഎസ്ടി വകുപ്പ് ചെയ്യുന്നത്. എന്നാല്‍ ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയിട്ടും വിവരം പുറത്തു വിടാന്‍ ജിഎസ്ടി വകുപ്പ് തയാറാകാത്തത് എന്തുകൊണ്ടാണെന്നത് സംശയങ്ങള്‍ക്കിടയാക്കുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 24ന് ജി.എസ്.ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈടെക് ഓണ്‍ലൈന്‍ ഷോപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. 703 കോടി രൂപയുടെ വിറ്റുവരവും 126.54 കോടി രൂപയുടെ നികുതി ബാധ്യതയുമാണ് കമ്പനിക്കുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ പ്രതാപന്‍, ശ്രീന കെ എസ് എന്നിവരെ നവംബര്‍ 30 ന് തൃശൂരിലെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) കേരള ജിഎസ്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കേരള ജിഎസ്ടി സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം നവംബര്‍ 24, 27 തീയതികളിലായി 51.5 കോടി രൂപ കമ്പനി ജിഎസ്ടിയായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുളള75 കോടിയിലധികം രൂപയുടെ നികുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സാധാരണ ഇത്തരം തട്ടിപ്പു കണ്ടെത്തിയാല്‍ പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ ഇടപാടുകള്‍ തടയാന്‍ കമ്പനിയുടെയും പ്രതികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാറുണ്ട്. എന്നാല്‍ ഈ കേസില്‍ അതും ഉണ്ടായിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഒത്തുതീര്‍പ്പുണ്ടായെന്ന ആരോപണം ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top