ശബരിമല തിരക്ക് നിയന്ത്രിക്കാൻ ഡിജിപി നേരിട്ട് ഇടപെടണമെന്ന് ഹൈക്കോടതി; അടിയന്തര നടപടിക്കായി അവധി ദിവസം കോടതിയുടെ പ്രത്യേക സിറ്റിംഗ്

കൊച്ചി: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്ന് ഹൈക്കോടതി. തിരക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ക്രിസ്മസ് അവധി ദിവസമായിരുന്നിട്ടും കോടതി പ്രത്യേക സിറ്റിംഗ് വച്ചത്. തിരക്ക് നിയന്ത്രിക്കാൻ വാഹനം തടയുമ്പോൾ ഭക്തർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബുക്കിങ്ങില്ലാതെ എത്തുന്നവരെ കടത്തിവിടരുതെന്നും തടഞ്ഞുവച്ചിരിക്കുന്നവർക്ക് അടിയന്തരമായി സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു. പാലാ, പൊൻകുന്നം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് തീർത്ഥാടകരുടെ വാഹനം തടയുന്നതെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 12 മണിക്കൂറിലധികം ഭക്ഷണവും വെള്ളവും ലഭിക്കാതെ ഭക്തർ റോഡിൽ അകപ്പെട്ട അവസ്ഥയാണ്. സന്നിധാനത്തും മണിക്കൂറുകൾ ക്യുവില്‍ നിൽക്കേണ്ടിവന്നെന്ന് ഭക്തർ പരാതി ഉന്നയിക്കുന്നുണ്ട്. ദേവസ്വം ബോർഡിന്റെ കണക്കുകൾ പ്രകാരം ഒന്നേകാൽ ലക്ഷം പേരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ശബരിമലയിൽ എത്തിയത്. മണ്ഡലപൂജയോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യതയെന്നാണ് ദേവസ്വം ബോർഡിൻറെ കണക്കുകൂട്ടൽ. വിർച്വൽ ക്യു ബുക്കിംഗ് തൊണ്ണൂറായിരം കടന്നു. സ്പോട്ട് ബുക്കിങ് നടത്താൻ പതിനായിരത്തിലധികം ഭക്തർ എത്തുന്നുമുണ്ട്. ഡിസംബര്‍ 27നാണ് മണ്ഡല പൂജ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top