പൊറോട്ടക്ക് ജിഎസ്ടി 18 ശതമാനം തന്നെ; സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹൈക്കോടതി; നിയമ പോരാട്ടം തുടര്‍ന്നേക്കും

സംസ്ഥാനത്ത് വില്‍ക്കുന്ന പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന് ഹൈക്കോടതി. പൊറോട്ട പ്രേമികള്‍ ആശങ്കപെടേണ്ട ഹാഫ് കുക്ക്ഡ് പൊറോട്ടക്കാണ് ജിഎസിടി. നേരത്തെ ജിഎസ്ടി അഞ്ച് ശതമാനമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കുറച്ചിരുന്നു. ഇത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഉയര്‍ന്ന ജിഎസ്ടി ഈടാക്കാം എന്ന വിധി വന്നിരിക്കുന്നത്

പൊറോട്ടയിലെ ജിഎസ്ടി

പെറോട്ടയും ബീഫും ഭക്ഷണ പ്രേമികളുടെ ഇഷ്ട കോമ്പിനേഷനുകളില്‍ ഒന്നാണ്. ഹോട്ടലുകളില്‍ ലഭിച്ചിരുന്ന പൊറോട്ട ചപ്പാത്തിയുടെ മാതൃകയില്‍ ഹാഫ് കുക്ക്ഡായി പാക്കറ്റില്‍ ലഭിച്ചതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാക്കറ്റിലായതോടെയാണ് പൊറോട്ടയും ജിഎസ്ടി പരിധിയിലായി. 18 ശതമാനം നികുതിയാണ് പൊറോട്ടക്ക് ചുമത്തിയത്. സെന്‍ട്രല്‍ സ്‌റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ആക്ട് പ്രകാരമാണ് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്.

നിയമപോരാട്ടം തുടങ്ങിയത് കമ്പനികള്‍

പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി നിശ്ചയിച്ചതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ്, ഹോള്‍ വീറ്റ് മലബാര്‍ പൊറോട്ട എന്നീ ബ്രാന്‍ഡുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊറോട്ട ബ്രഡ് ഇനത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നമാണെന്നായിരുന്നു കമ്പനികളുടെ വാദം. ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ കമ്പനികളുടെ വാദത്തിന് അംഗീകാരാം നല്‍കിയാണ് അഞ്ച് ശതമാനമായി ജിഎസ്ടി കുറച്ചത്.

സര്‍ക്കാരിന്റെ അപ്പീലിന് അംഗീകാരം

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തികൊണ്ടുള്ള ജിഎസ്ടി നിരക്ക് പട്ടികയായ 99(A)യില്‍ പൊറോട്ട ഉള്‍പെട്ടിട്ടില്ല. അതിനാല്‍ 18 ശതമാനം നികുതി ഈടാക്കാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ മുഹമ്മദ് റഫീഖ് വാദിച്ചു. ഇത് അംഗീകരിച്ചാണ് ഉയര്‍ന്ന ജിഎസ്ടി വാങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

പാചകം ചെയ്യണം

ഉപയോഗിക്കുന്നതിന് മുമ്പ് പാചകം ചെയ്യണം എന്നതാണ് ഹാഫ് കുക്ക്ഡ് പൊറോട്ടയെ ബ്രഡ് അടക്കമുള്ള കുറഞ്ഞ ജിഎസ്ടിയുടെ പട്ടികയില്‍ നിന്നും പുറത്താക്കുന്നത്. ഈ നിയമപോരാട്ടം കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടക അടക്കമുളള സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും പൊറോട്ടയിലെ ജിഎസ്ടി വലിയ ചര്‍ച്ചാ വിഷയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top