റോഡുകളുടെ ശോചനീയാവസ്ഥ; നിരീക്ഷണത്തിന് എഐ ക്യാമറകളുടെ സാധ്യത തേടി ഹെെക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ നിരീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ ഉപയോഗിക്കാനാകുമോ എന്ന് ഹെെക്കോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി പോളി വടക്കന്‍ എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു എഐ ക്യാമറ സംബന്ധിച്ച മറ്റ് ബാർ അംഗങ്ങളുടെ നിർദേശം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശ്രദ്ധയില്‍പ്പെടുത്തിയത്.

റോഡുകളുടെ നിലവിലെ സ്ഥിതി കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തത് പ്രശ്നപരിഹാരം വൈകുന്നതിന് കാരണമാകുന്നു എന്ന് കോടതി വിലയിരുത്തി. അതേസമയം, എല്ലാ സ്ഥലങ്ങളിലും എഐ ക്യാമറകളില്ലെന്നും ഉള്ളയിടങ്ങളിൽ റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനുള്ള സാധ്യത പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു.

എല്ലാ വർഷവും റോഡുകളും അവയുടെ അറ്റകുറ്റപ്പണികളും നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്ക് മേലാകുന്നതില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതൃപ്തി അറിയിച്ചു. ഭരണ സംവിധാനം അതിന്റെ ഉത്തരവാദിത്വങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കണം. ശോചനീയാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് റോഡുകളുടെ അവസ്ഥ റിപ്പോർട്ടുണ്ടാകുന്നത്. അത് തടയുന്നതിന് ആവശ്യമായ ഫലപ്രദമായ ഇടപെടലുണ്ടാകുന്ന പക്ഷം നിലവിലെ നാശനഷ്ടങ്ങളില്‍ നിന്ന് റോഡുകളെ സംരക്ഷിക്കാം. എന്നാല്‍ കോടതിയുടെ തുടർച്ചയായ ഉത്തരവുകള്‍ക്ക് ശേഷവും ശരിയായി സംവിധാനം പ്രവർത്തിക്കുന്നില്ല എന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

റോഡുകൾ തകർന്നാൽ ഉദ്യോഗസ്ഥരും എൻജിനീയർമാരും ഉത്തരവാദികളായിരിക്കുമെന്നും ഒരു പ്രത്യേക കാലയളവിനുള്ളിൽ തുടർച്ചയായി അങ്ങനെ സംഭവിക്കുന്ന പക്ഷം, കേസെടുക്കാൻ വിജിലൻസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ കൂടുതൽ വാദങ്ങള്‍ പരിഗണിക്കാന്‍ ഹർജി 2023 ജൂലൈ 26-ന് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top