വെന്തുരുകല്‍ ഇനിയും തുടരും; 11 ജില്ലകളിൽ ഏപ്രിൽ 17 വരെ യെല്ലോ അലർട്ട്; വേനല്‍ മഴ ലഭിക്കാതെ പരിഹാരമില്ല; കടുത്ത ജാഗ്രതക്ക് നിര്‍ദേശം
തിരുവനന്തപുരം:കടുത്ത ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസം അകലെ. ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട്. തൃശൂരും പാലക്കാടും അനുഭവപ്പെടുന്ന കടുത്ത ചൂട് ഇനിയും കൂടാനാണ് സാധ്യത. കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും താപനില ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് അന്തരീക്ഷത്തിലുള്ളത്. അതിനാല്‍ മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 14 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും അനുഭവപ്പെടുക. ഉയർന്ന താപനിലമൂലം സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാല്‍ കടുത്ത ജാഗ്രത പാലിക്കാനാണ് ജില്ലാ തലങ്ങളില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും അധികം ചൂട് പാലക്കാടാണ്. 40°c വരെയാണ് താപനില. തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും 36°c നു മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here