അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; റോഡുകളില്‍ വെള്ളക്കെട്ട്, ഗതാഗതകുരുക്ക് രൂക്ഷം; പൊന്മുടി യാത്ര നിരോധിച്ചു; അരുവിക്കര ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ മഴ അതിശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്.

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. മഴ ശക്തമായി വെളളം ഉയർന്നതോടെ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 90 സെ.മീ ഉയർത്തി. ഷട്ടറുകൾ ഇനിയും ഉയർത്തുമെന്നും പരിസരവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

കൊച്ചിയിൽ കനത്ത മഴ തുടരുകയാണ്. വാഹനങ്ങൾ കുടുങ്ങി. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്. കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്. കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്. കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കേ ഇന്ത്യയിലും മധ്യ മേഖല ഭാഗത്തും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂണിലും കൂടുതൽ മഴ പ്രതീക്ഷിക്കാം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മൺസൂൺ രണ്ടാംഘട്ട പ്രവചനത്തിലാണ് നിരീക്ഷണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിയേക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top