മെമ്മറി കാർഡ് പരിശോധിച്ചതിലുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കില്ല; നടിയുടെ ഹര്‍ജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡില്‍ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. അതിജീവിത നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യം ഉന്നയിക്കാന്‍ കഴിയില്ല. ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്നും ജസ്റ്റിസ് സി.എസ്.ഡയസ് ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് നടിയുടെ നീക്കം. നിയമപരമായ നീങ്ങുന്നതിന് മറ്റ് തടസങ്ങളില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ട്. അതിനാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട്എ ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാല്‍ വിചാരണ കോടതി നടത്തിയ അന്വേഷണത്തില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി പുനരന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ കോടതി വാദം കേട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും മൊഴിപ്പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
കേസിലെ പ്രതി പള്‍സര്‍ സുനിലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസിന്റെ അവസാനഘട്ട വിചാരണയാണ് ഇപ്പോള്‍ സെഷൻസ് കോടതിയിൽ നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here