ഹൈക്കോടതി മാറ്റാൻ പറ്റില്ല, നിലപാട് കടുപ്പിച്ച് അഭിഭാഷക അസോസിയേഷൻ; സർക്കാരിന് പണമുണ്ടെങ്കിൽ കേരളത്തിലെ കോടതികൾ നവീകരിക്കാൻ നിർദേശം
കൊച്ചി: ഹൈക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റാനും അവിടെ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനുമുള്ള സർക്കാർ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. സർക്കാർ നീക്കം ഏകപക്ഷീയമാണെന്നും, താൽപര്യം മുഖ്യമന്ത്രിയുടെയോ നിയമമന്ത്രിയുടെയോ ആയാലും നടക്കില്ലെന്നും അസോസിയേഷൻ പ്രസിഡൻ്റ് യശ്വന്ത് ഷേണായി പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിൽ ഹൈക്കോടതി മാറ്റിസ്ഥാപിക്കുന്നതിൽ ധാരണയായെന്ന് അറിയിച്ച് നിയമമന്ത്രി കൂടിയായ പി.രാജീവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് പ്രതികരണമായാണ് അഭിഭാഷക അസോസിയേഷൻ എതിർപ്പ് പരസ്യമാക്കിയത്.
ഈമാസം 17ന് ജഡ്ജിമാരും മന്ത്രിമാരും ചേർന്ന് കളമശേരിയിലെ നിർദിഷ്ട സ്ഥലത്ത് പരിശോധന നടത്തുമെന്ന് മന്ത്രി രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഹൈക്കോടതി മാറ്റമെന്ന സർക്കാർ പദ്ധതിയെക്കുറിച്ച് ചീഫ് ജസ്റ്റിസിനെ അറിയിച്ചിട്ടുണ്ടാകാം. അതിനർത്ഥം ചീഫ് ജസ്റ്റിസും മറ്റെല്ലാവരും അതിന് അനുകൂലമാണ് എന്നല്ല. നിലവിലെ ഹൈക്കോടതി കെട്ടിടത്തിന് വെറും 20 വർഷം മാത്രമാണ് പഴക്കം. രാജ്യത്തെ തന്നെ ഏറ്റവും പുതിയ ഹൈക്കോടതി കെട്ടിടമാകും ഇത്. മാറ്റിസ്ഥാപിക്കാനൊരുങ്ങുന്ന ജുഡീഷ്യൽ അക്കാദമി കെട്ടിടത്തിന് അഞ്ചുവർഷം മാത്രമാണ് പഴക്കം. മാറ്റിസ്ഥാപിക്കുമെന്ന് സർക്കാർ പറയുന്ന മറ്റ് കോടതി കെട്ടിടങ്ങളുടെയെല്ലാം കാര്യം ഇങ്ങനെ തന്നെ. ഇതിനെല്ലാം കൂടി കുറഞ്ഞത് 500 കോടിയെങ്കിലും ചിലവിട്ടിട്ടുണ്ടാകും.
സർക്കാരിൻ്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കളമശേരിയിലെ നിർമാണങ്ങൾക്ക് ചിലവ് 500-1000 കോടിയെങ്കിലും വരും. സർക്കാരിൻ്റെ പക്കൽ ഒന്നിനും പണമില്ലാത്ത അവസ്ഥയാണ്. ബാർ കൌൺസിലിന് നൽകാനുള്ള തുക തന്നെ 500 കോടിയെങ്കിലും വരും. ലീഗൽ സർവീസസ് അതോറിറ്റിയുടെ യോഗത്തിൽ താൻ പങ്കെടുത്തപ്പോൾ അവിടെ വണ്ടി വിളിക്കാൻ പോലും കാശില്ലെന്ന് മനസിലായി. ഈ സാഹചര്യത്തിൽ ഇത്രയധികം തുക മുടക്കി ഹൈക്കോടതിക്ക് പുതിയ കെട്ടിടം കെട്ടുന്നതിനേക്കാൾ, ഇതിൻ്റെ പത്തുശതമാനം ചിലവിട്ട് കേരളത്തിലെ കോടതികളുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് ചൂണ്ടിക്കാട്ടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here