ദൈവത്തിന് വെടിക്കെട്ടെന്തിന് ? പാതിരാത്രി വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ല, കര്‍ശന ഇടപെടലുമായി ഹൈക്കോടതി

കൊച്ചി : ദൈവത്തെ പ്രീതിപ്പെടുത്താന്‍ പാതിരാത്രി വെടിക്കെട്ട് നടത്തണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരത്തില്‍ അനവസരത്തില്‍ നടത്തുന്ന വെടിക്കെട്ടുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ജില്ലാകളക്ടര്‍മാര്‍ ഈ നിരോധനം നടപ്പാക്കണമെന്നും ജസ്റ്റിസ് അമിത്ത് റവാല്‍ നിര്‍ദ്ദേശം നല്‍കി. വെടിക്കെട്ട് നടത്തുന്നത് ശബ്ദമലിനീകരണം പരിസ്ഥിതി മലിനീകരണം എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പാതിരാത്രിയുള്ള വെടിക്കെട്ട് കോടതി തന്നെ പലതവണ കേട്ടിട്ടുണ്ട്. ഇത് സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കുകയാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം ആരാധനാലയങ്ങളും കൃത്യമായ ലൈസന്‍സും രേഖകളുമില്ലാതെയാണ് വെടിമരുന്നുകള്‍ സംഭരിക്കുന്നതും വെടിക്കെട്ട് നടത്തുന്നതും. ഇതിനെതിരെ ശക്തമായ നടപടി വേണം. ഡെപ്യൂട്ടി കളക്ടറും അസിസ്റ്റന്റ് പോലീസ് കമ്മിഷണറും ഇതില്‍ നടപടി സ്വീകരിക്കണം. എല്ലാ ആരാധനാലയങ്ങളിലും ഇത് സംബന്ധിച്ച് പരിശോധന നടത്തണം. ലൈസന്‍സ് ഇല്ലാതെ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കോടതിയുടെ നിര്‍ദ്ദേശത്തിനു ശേഷവും ഇത്തരത്തില്‍ പാതിരാത്രിയുള്ള വെടിക്കെട്ട് നടത്തിയാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top