സമ്പൂര്‍ണ റിപ്പോര്‍ട്ട് വേണം; നടപടി വിവരം സര്‍ക്കാര്‍ അറിയിക്കണം; ഹേമ കമ്മറ്റിയിൽ ഹൈക്കോടതി ഇടപെടല്‍
മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ ചൂഷണം സംബന്ധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ നടപടി വേണം. അത് ഉണ്ടായില്ലെങ്കില്‍ കമ്മറ്റി രൂപീകരിച്ചത് പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സമ്പൂര്‍ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമം ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകിരിച്ചു. വനിതാ കമ്മിഷനെ കക്ഷിചേര്‍ക്കുകയും ചെയ്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹേമ കമ്മറ്റി ജുഡീഷ്യല്‍ കമ്മിഷനല്ല എന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്. കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടുവരാന്‍ കഴിയാത്ത അവസ്ഥയാണ്. ആരെങ്കിലും പരാതിയുമായി വന്നാല്‍ നിയമനടപടി സ്വീകരിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുന്നതാണോ എന്നായിരുന്നു ഇതിനോടുളള കോടതിയുടെ പ്രതികരണം.
മൊഴികള്‍ നല്‍കിയവര്‍ നേരിട്ട അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ലേയെന്നും കോടതി ചോദിച്ചു. രഹസ്യമാക്കി വച്ചിരിക്കുന്ന ഭാഗങ്ങളില്‍ കേസെടുക്കാന്‍ പറ്റിയ വസ്തുതകളുണ്ടോ എന്ന് പരിശോധിച്ചശേഷം നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു. ഹര്‍ജി സെപ്റ്റംബര്‍ 10ന് വീണ്ടും പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here