‘രാജി വച്ചാൽ സർക്കാരിന് നാണക്കേട്’; തിരിച്ചടി ഭയന്ന് സജി ചെറിയാനൊപ്പം നിൽക്കാൻ സിപിഎം
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ തുടരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം. മന്ത്രിയുടെ ഭാഗംകൂടി കേൾക്കണമെന്നാണ് പാർട്ടി നിലപാട്. ധാർമികത സംബന്ധിച്ച് മുമ്പൊരിക്കൽ അദ്ദേഹം രാജിവച്ചതാണ് എന്നാണ് സിപിഎം പറയുന്നത്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം സ്വീകരിക്കാൻ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പിന്തുണയുമായി സിപിഎം എത്തിയിരിക്കുന്നത്.
സജി ചെറിയാൻ വീണ്ടും രാജിവെക്കുന്നത് സർക്കാരിനും പാർട്ടിക്കും കടുത്ത ആഘാതമുണ്ടാക്കുമെന്ന യോഗത്തിലെ വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ. സർക്കാർ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ അത് പ്രതിച്ഛായയെ ബാധിക്കുമെന്ന് പാർട്ടി കരുതുന്നു. മുമ്പ് രാജിവച്ചപ്പോൾ ഉള്ള സാഹചര്യമല്ല നിലവിലുള്ളത്. ഇപ്പോൾ രാജിവച്ചാൽ ഉണ്ടാകുന്ന തിരിച്ചടി അന്നത്തേക്കാൾ വലുതായിരിക്കും എന്നാണ് സിപിഎം വിലയിരുത്തൽ.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടി എന്ന് മന്ത്രി പി.രാജീവാണ് യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. പരാതിയില്‍ പറയുന്ന ആള്‍ മന്ത്രിയായതു കൊണ്ട് വിശ്വസ്തനായ ആള്‍ അന്വേഷിക്കണമെന്ന് കോടതി തന്നെ പറയുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണു കോടതി പറഞ്ഞത്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കണമെന്ന സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
അതേസമയം സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസിൻ്റെ റിപ്പോർട്ടും അത് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവും ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Also Read: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി; കേസില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവ്
ഭരണഘടനയോട് അനാദരവ് കാണിക്കുകയെന്ന ലക്ഷ്യം സജി ചെറിയാനില്ലായിരുന്നെന്ന കീഴ്‌വായ്പൂര് പോലീസിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവല്ല കോടതിയുടെ ഉത്തരവ്. ഇതാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് റദ്ദാക്കിയത്. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലെന്നുമായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. കോടതി വിധിയിൽ താൻ രാജി വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here