സിനിമയുടെ റിവ്യൂ ബോംബിംഗിന് കടിഞ്ഞാണിടാൻ ഹൈക്കോടതി; ഡിജിപിയേയും കക്ഷി ചേര്‍ത്തു

കൊച്ചി: ബ്ലാക്ക് മെയിലിംഗിനും ഭീഷണിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സിനിമ റിവ്യൂ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് കേരള ഹൈക്കോടതി. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും ഇത്തരം പ്രവണതകൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി . ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിൽ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉള്‍പ്പടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പോലീസ് ഉടന്‍ നടപടിയെടുക്കണമെന്നും പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നും കോടതി നിർദേശിച്ചു.
റിവ്യൂ ബോംബിംഗ് തടയാൻ എന്ത് ചെയ്യാനാകും എന്ന് അറിയിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഏതാനും പേരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് സിനിമാ വ്യവസായത്തെ തകർക്കാൻ അനുവദിക്കാനാവില്ല. ഇത്തരക്കാരെ നിയന്ത്രിക്കാൻ എന്ത് ചെയ്യാനാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിക്കണം എന്നും കോടതി നിർദേശിച്ചു.
റിവ്യൂ ബോംബിംഗുകൾക്കെതിരെ വ്യക്തിക്കോ സ്ഥാപനത്തിനോ പരാതി നൽകാൻ കഴിയുമോ എന്ന കാര്യവും അറിയിക്കണം. ഇത്തരത്തിൽ പരാതി ലഭിച്ചാൽ അത് സത്യസന്ധമാണോ എന്ന കാര്യം പരിശോധിക്കണം. ഇക്കാര്യത്തിലും കോടതി സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം ചോദിച്ചിട്ടുണ്ട്.
സിനിമ കാണാതെതന്നെ നിരൂപണം എന്ന പേരില്‍ വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം സാരമായി ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ സംസ്ഥാന ഡിജിപിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here