വാഹന ഉടമസ്ഥാവകാശം കൈമാറാന്‍ വായ്പാ കുടിശിക തടസ്സമല്ല; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് മരിച്ചശേഷം വാഹനങ്ങളുടെ ഉടമസ്ഥാവകാശം പിന്‍ഗാമിയായ ഭാര്യയ്ക്ക് നല്‍കാന്‍ സാമ്പത്തിക ബാധ്യതകള്‍ തടസ്സമല്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം കൈമാറിയശേഷം വാഹന വായ്പയിലെ കുടിശിക അടയ്ക്കാന്‍ ഹര്‍ജിക്കാരി ബാധ്യസ്ഥയാണെന്നും ഉത്തരവില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ തന്‍റെ പേരിലാക്കാന്‍ കൊല്ലം സ്വദേശി മീന നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
മൂന്ന് ഹെവി ഗുഡ്സ് വാഹനങ്ങളാണ് മീനയുടെ ഭര്‍ത്താവ് പി.കെ. സജിയുടെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായിരുന്നത്. 2022 നവംബറില്‍ സജി മരിച്ചതോടെ മൂന്ന് വാഹനങ്ങളുടെയും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ മീന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റില്‍ പെട്ടതാണെന്ന് പറഞ്ഞ് ആവശ്യം തള്ളി. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇ- ചലാന്‍ പ്രകാരമുള്ള പിഴത്തുകയും വാഹന വായ്പാ കുടിശികയും ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഉടമസ്ഥാവകാശം നിരസിച്ചു. ഇതിനെതിരെ മീന നല്‍കിയ അപ്പീലാണ് ഹൈക്കോടതി അംഗീകരിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് സെക്ഷന്‍ 51(4) പ്രകാരം വാഹനവായ്പ നല്‍കിയ കമ്പനിയില്‍ നിന്ന് ഉടമസ്ഥാവകാശം കൈമാറാനുള്ള സമ്മതം രേഖാമൂലം വാങ്ങിയില്ലെങ്കില്‍ ഇത് കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ വാദിച്ചു. എന്നാല്‍ കമ്പനിയില്‍ നിന്ന് രേഖാമൂലമുള്ള സമ്മതപത്രം ഹാജരാക്കാന്‍ പിന്‍ഗാമിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ- ചലാന്‍ പ്രകാരം കുടിശ്ശികയുള്ള തുകകള്‍ കെട്ടിക്കിടക്കുമ്പോള്‍ വാഹന ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെങ്കിലും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് തടയാനാവില്ലെന്ന് കോടതി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here