നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഹര്‍ജി; നിയുക്ത ശബരിമല മേൽശാന്തിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്ന ഹർജിയിൽ നിയുക്ത മേൽശാന്തി മൂവാറ്റുപുഴ കാലാമ്പൂർ പുത്തില്ലത്ത് മന പി.എൻ. മഹേഷ് നമ്പൂതിരിക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, അതിനാല്‍ റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നറുക്കിട്ട തുണ്ടുകടലാസുകളിൽ ചിലത് തുറന്ന നിലയിലാണ് വീഡിയോയിൽ കണ്ടതെങ്കിലും ബോധപൂർവമാണെന്നു കരുതാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. ദൃശ്യമാദ്ധ്യമങ്ങളിൽ വന്ന നറുക്കെടുപ്പ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കിയ നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം തുറന്നകോടതിയിൽ പരിശോധിച്ചിരുന്നു. ദേവന്റെ പ്രതിനിധിയെന്ന നിലയ്ക്ക് പന്തളം രാജകുടുംബത്തിലെ കുട്ടി നറുക്കെടുത്തതടക്കം വെള്ളിക്കുടത്തിലെ പല കടലാസ് തുണ്ടുകളും തുറന്ന നിലയിലായിരുന്നെങ്കിലും കുടം കുലുക്കിയപ്പോൾ സംഭവിച്ചതാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here