മതസ്പർധക്ക് കേസെടുത്ത സർക്കാരിന് കോടതിക്ക് റിപ്പോർട്ട് കൊടുക്കാൻ നേരമില്ല; കേന്ദ്രമന്ത്രിയുടെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാംവട്ടവും മാറ്റിവച്ചു

കൊച്ചി: കളമശേരിയിൽ യഹോവാസാക്ഷികളുടെ ആരാധനക്കിടെ സ്ഫോടനമുണ്ടായതിന് പിന്നാലെ മതസ്പർധ ഉണ്ടാക്കുംവിധം പരാമർശം നടത്തിയതിനാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാർ രംഗത്ത് വരുംമുൻപ് കൊച്ചി സിറ്റി സൈബർ സെൽ എസ്ഐയുടെ പരാതിയിൽ ആദ്യകേസ്. പിന്നീട് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ ചുമതലക്കാരൻ ഡോ.പി.സരിൻ്റെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ രണ്ടാംകേസ്. ഇത്രയുമായതോടെയാണ് മുൻകൂർ ജാമ്യത്തിന് കേന്ദ്രമന്ത്രി നീക്കം തുടങ്ങിയത്.
നവംബർ 29ന് ഹർജി ആദ്യം പരിഗണനക്ക് എടുത്തപ്പോൾ തന്നെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് സർക്കാർപക്ഷം ആവശ്യപ്പെട്ടു. അതനുസരിച്ച് കേസ് ഡിസംബർ 12ലേക്ക് മാറ്റി. അന്ന് ഹർജി വീണ്ടും പരിഗണിച്ചപ്പോഴും സർക്കാർപക്ഷം സമയം നീട്ടി ചോദിച്ചു. അങ്ങനെ ആറാഴ്ച കൂടി അനുവദിച്ച് ഇന്നത്തേക്ക് പോസ്റ്റുചെയ്തു. വീണ്ടും ഒരുമാസം കൂടി നീട്ടുകയാണ് ഇന്ന് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 15നാണ് ഇനി ഹർജി പരിഗണിക്കുക. നരേന്ദ്രമോദി സർക്കാരിൽ സഹമന്ത്രിയായ പ്രതി, അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിട്ട് അപ്പോഴേക്ക് രണ്ടരമാസമാകും. കേസുകൾ റജിസ്റ്റർ ചെയ്തിട്ട് മൂന്നരമാസവും.
പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നാൽപതോളം കേസുകളാണ് ഏതാണ്ട് ഒരാഴ്ച കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പോലീസെടുത്തത്. ബഹുഭൂരിപക്ഷത്തിലും തുടർനടപടിയൊന്നും ഉണ്ടായില്ല. കോഴഞ്ചേരിയിലെ ഒരു അറസ്റ്റ് മാത്രമാണ് ആദ്യം ഉണ്ടായത്. മൊഴിയെടുക്കാൻ പോലും ആരെയും പോലിസ് ബുദ്ധിമുട്ടിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ മുതൽ സന്ദീപ് വാര്യരും അനിൽ ആൻ്റണിയും വരെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. കേസെടുക്കാൻ കാണിച്ച ശുഷ്കാന്തി പിന്നീട് ആവിയായതിൻ്റെ കാരണം അന്വേഷിക്കേണ്ടി വരും, കേസിൻ്റെ മെറിറ്റ് കോടതിയെ ധരിപ്പിക്കാൻ പോലും കഴിയാത്ത സർക്കാരിൻ്റെ ഉദാസീനത ഇങ്ങനെ വെളിവാകുമ്പോൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here