സാബു എം.ജേക്കബിൻ്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി; പി.വി.ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടീസ് നൽകാൻ പോലീസിന് നിർദേശം

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ അപമാനിച്ചുവെന്ന പരാതിയിൽ പോലീസെടുത്ത കേസിൽ, ട്വൻ്റി20 പ്രസിഡൻ്റ് സാബു എം.ജേക്കബിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് വിലക്കിയത്. ശ്രീനിജൻ്റെ പരാതിയിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ പേരിൽ സാബു എം.ജേക്കബിനെ പീഡിപ്പിക്കരുതെന്നും മുൻകൂർ നോട്ടീസ് നൽകി ഒരു മാസത്തെ ഇടവേളയ്‌ക്കുശേഷമേ ചോദ്യം ചെയ്യാവൂവെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ മാസം 21ന് പൂതൃക്കയിൽ നടന്ന ട്വന്റി20 സമ്മേളനത്തിൽ സാബു എം. ജേക്കബ് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് കേസ് എടുത്തത്. പേരെടുത്തു പറയാതെയാണ് ശ്രീനിജന് എതിരെ വിമർശനം ഉന്നയിച്ചത്. പ്രസംഗത്തിൽ ജന്തു എന്ന് പരാമർശിച്ചത് ശ്രീനിജനെ ഉദ്ദേശിച്ചാണെന്നും ആക്ഷേപം ഉണ്ടായിരുന്നു.
നേരത്തെ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് ശ്രീനിജൻ്റെ ഇടപെടലിനെ തുടർന്നാണ് എന്നും ട്വന്റി20 ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകിയാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ സമ്മേളനത്തിന് ട്വന്റി20 അനുമതി നേടിയത്.
നവകേരളസദസ്സിനേക്കാൾ വൻ ജനപങ്കാളിത്തത്തോടെ ട്വന്റി20 സമ്മേളനം നടത്തിയതിന്റെ ഞെട്ടലിലാണ് സിപിഎം എറണാകുളം ജില്ലാ നേതൃത്വമെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. നേരത്തെ 2022 ഡിസംബറിൽ ട്വന്റി20 പ്രസിഡൻ്റിനെതിരെ പി.വി. ശ്രീനിജൻ എംഎൽഎ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം ആരോപിച്ച് പരാതി നൽകിയിരുന്നു. അന്നും സാബു എം. ജേക്കബിൻ്റെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ട് തടയുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here