ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഉത്തരവ്. മരണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടുപിടിക്കണം. അപകടത്തിൽ സ്വർണക്കടത്തു റാക്കറ്റിനു പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി സിബിഐക്ക് നിർദേശം നൽകി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് അന്വേഷണം നടത്തിയ സിബിഐ സംഘം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണന്റെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടകാരണമെന്നാണ് സിബിയുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദർ എന്നിവരുൾപ്പെടെ നടത്തിയ കൊലപാതകമാണെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലഭാസ്കറിന്റെ പിതാവ് സി.കെ.ഉണ്ണി ഹർജി നൽകിയത്.

2019 സെപ്റ്റംബർ 25നാണ് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചുണ്ടായ അപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. തൃശൂരിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. അപകടമരണമായിരുന്നു എന്നാണ് ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. എന്നാൽ സിബിഐ അന്വേഷണം വേണമെന്ന ബാലഭാസ്കറിന്റെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top