തടവിലുള്ള കെനിയക്കാരിയുടെ അബോർഷൻ സാധ്യത പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും; മാർച്ച് 14ന് പരിശോധനക്ക് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: അബോർഷന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെനിയൻ യുവതിയോട് മാർച്ച് 14ന് വൈദ്യപരിശോധനക്ക് ഹാജരാകാൻ ഹൈക്കോടതി. ഗർഭച്ഛിദ്രത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. വിയ്യൂരിലെ വനിതാ ജയിലിൽ കഴിയുന്ന മുപ്പത്തിരണ്ട് വയസുള്ള യുവതിയാണ് രണ്ടു മാസമായ ഗർഭം ഇല്ലാതാക്കാൻ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണെമെന്ന് തൃശൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മാർച്ച് 14ന് യുവതിയെ പരിശോധനക്കായി ബോർഡിന് മുന്നിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോടും കോടതി ഉത്തരവിട്ടു. കൃത്യമായ രേഖകളില്ലാതെ എറണാകുളത്ത് നെട്ടൂരിൽ താമസിക്കുകയായിരുന്ന യുവതിയെ ഇക്കഴിഞ്ഞ ജനുവരി 11നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നാണ് ഹർജിക്കാരിയുടെ വാദം. വയറിലെ കൊഴുപ്പ് കളയാൻ ശസ്ത്രക്രിയ ചെയ്തതിനാൽ മൂന്ന് വർഷത്തേക്ക് ഗർഭം ധരിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും യുവതി അറിയിച്ചു. ഗർഭച്ഛിദ്രം നടത്തണമെന്ന ആവശ്യവുമായി ജയിൽ സൂപ്രണ്ടിനെ സമീപിച്ചപ്പോഴാണ് കോടതിയുടെ അനുവാദം വേണമെന്ന് അറിഞ്ഞത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. യുവതിയുടെ ജാമ്യാപേക്ഷ നേരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here