അവയവദാനം: ലേക് ഷോർ ആശുപത്രിക്കെതിരെയുള്ള കേസിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: അവയവദാന കേസിൽ ലേക് ഷോർ ആശുപത്രിക്ക് ആശ്വാസം. മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി യുവാവിന്റെ അവയവദാനം നടത്തിയെന്ന പരാതിയിൽ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതി നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ജൂണിൽ കേസ് എടുത്തത്. പന്ത്രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ നടപടി എടുക്കുന്നത് ക്രിമിനൽ നടപടി ക്രമത്തിന് എതിരാണെന്ന് ആശുപത്രിയും ഡോക്ടർമാരും നൽകിയ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണനാണ് സ്റ്റേ നൽകിയത്.

2009 നവംബറിലാണ് ഉടുമ്പൻചോല സ്വദേശിയായ വി.ജെ.എബിന് ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എബിനെ പിറ്റേന്ന് വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോറിലേക്ക് മാറ്റുകയായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടത്തിയില്ലെന്നും അവയവദാനം നടത്താനുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നുമാണ് പരാതി. വിദേശിക്കാണ് അവയവം ദാനം ചെയ്തത്. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്തത്.

ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും കൃത്യമായ നടപടികൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും എബിന്റെ മാതാപിതാക്കളെ വിവരങ്ങൾ ധരിപ്പിച്ചിരുന്നെന്നും ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ഉൾപ്പെടെ വിസ്തരിച്ച ശേഷമാണ് ആശുപത്രിക്കെതിരെ കേസ് എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top