മന്ത്രവാദികളും ജോതിഷികളും നിയന്ത്രിക്കുന്ന കേരളം!! നെന്മാറ കുടുംബവും ബാലരാമപുരത്തെ രണ്ടു വയസുകാരിയും വരെ ഇരകൾ; നരബലി ഇനിയും നടക്കാം
കേരളത്തില്‍ സമീപകാലത്തായി നടക്കുന്ന കുറ്റകൃത്യങ്ങളുടെ പിന്നിലെല്ലാം അന്ധവിശ്വാസത്തിന്റെ പങ്ക് തെളിഞ്ഞുവരികയാണ്. സാമ്പത്തിക ഉന്നമനം, ഐശ്വര്യം തുടങ്ങി പലതും വാഗ്ദാനം ചെയ്ത് ചില തട്ടിപ്പ് സംഘങ്ങള്‍ സമീപിക്കുമ്പോള്‍ പലരുടേയും വിശ്വാസങ്ങള്‍ വഴിതെറ്റി പോകുന്ന സ്ഥിതിയാണ്. സമ്പൂര്‍ണ്ണ സാക്ഷരതയെന്നും പ്രബുദ്ധ കേരളം എന്നും ഊറ്റം കൊള്ളുന്ന മലയാളികള്‍ ആവര്‍ത്തിച്ച് ഇത്തരം ചതികുഴികളില്‍ വീഴുകയാണ്.
കേരളത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം ആഭിചാരത്തിന്റേയും മന്ത്രവാദത്തിന്റേയും പേരില്‍ നടന്ന ഈ കൊലപാതകങ്ങള്‍ക്ക്. നൂറ്റാണ്ടുകൾ മുൻപ് നടന്നതായി വായിച്ചും കേട്ടും അറിഞ്ഞ അനാചാരങ്ങൾ പലതുമാണ് ഈ 2025ലും നടക്കുന്നത്. ഏറ്റവും ഒടുവിലായി ബാലരാമപുരത്ത് രണ്ടു വയസുകരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിലുമുണ്ട് ഒരു ജ്യോതിഷിയും പൂജയുമെല്ലാം. ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോതിഷിയുടെ സഹായിയായിരുന്നു കുഞ്ഞിനെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍. പ്രതി തൻ്റെ ശിഷ്യനാണെന്ന വാദം പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ജോതിഷി നിഷേധിച്ചിട്ടുണ്ട്. എങ്കിലും അന്വേഷണം നടക്കുകയാണ്. ഹരികുമാറിന് മേൽ ഇത്തരം ചില സ്വാധീനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് നിഗമനം. ജ്യോതിഷിക്ക് കുഞ്ഞിനെ കൊന്നതുമായി ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇതിന് തൊട്ടുമുമ്പ് പാലക്കാട് നെന്‍മാറയില്‍, ചെന്താമര എന്ന സൈക്കോ ക്രിമിനല്‍ നടത്തിയ ഇരട്ടക്കൊലയുടെ തുടക്കവും ഒരു ജ്യോതിഷിയുടെ കവിടി നിരത്തലിൽ നിന്ന് തന്നെയായിരുന്നു. അയല്‍വാസിയായ സുധാകരന്‍, അമ്മ ലക്ഷമി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുധാകരന്റെ ഭാര്യ സുജാതയേയും ഇയാള്‍ കൊന്നിരുന്നു. ഇതിനു കാരണമായി പറഞ്ഞത് തൻ്റെ ഭാര്യയും മകനും വീട് ഉപേക്ഷിച്ച് പോയതിന് കാരണം മുടി നീട്ടി വളര്‍ത്തിയ സ്ത്രീയാണ് എന്ന് ജ്യോതിഷി പറഞ്ഞു എന്നായിരുന്നു.
2024 മാര്‍ച്ചില്‍ കട്ടപ്പനയിൽ ഗൃഹനാഥനേയും നവജാത ശിശുവിനേയും കൊന്ന് വീട്ടിനകത്ത് കുഴിച്ചിട്ട സംഭവത്തിലും മന്ത്രവാദം ഒരു ഘടകമായിരുന്നു. മോഷണക്കേസില്‍ വിഷ്ണു, നിതീഷ് എന്നിവര്‍ പിടിയിലായതോടെയാണ് ഈ അരുംകൊലകളുടെ കഥ പുറത്തുവന്നത്. പൂജയുടെ പേരില്‍ വിഷ്ണുവിന്റെ കുടുംബവുമായി അടുത്ത നിതീഷ് എന്ന പൂജാരി പിന്നാലെ വീട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടെ വിഷ്ണുവിന്റെ അച്ഛനെ കൊന്ന് വീട്ടിനുളളില്‍ കുഴിച്ചിട്ടു. സഹോദരിയില്‍ ജനിച്ച കുഞ്ഞിനെ നാലു ദിവസം പ്രായമുളളപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
2023 ഏപ്രിലില്‍ കാസര്‍കോട് പൂച്ചക്കാടുളള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രവാസി വ്യവസായി എംസി ഗഫൂര്‍ഹാജിയുടെ മരണത്തിന് പിന്നിലും മന്ത്രവാദമായിരുന്നു. ജിന്നുമ്മയെന്ന കെഎച്ച് ഷമീനയാണ് കൊല നടത്തിയത്. ഇതിന് ഭര്‍ത്താവ് ഉവൈസും മൂന്ന് സ്ത്രീകളും സഹായികളായി പ്രവര്‍ത്തിച്ചു. സ്വര്‍ണ്ണം ഇരട്ടിയാക്കാന്‍ മന്ത്രവാദം എന്ന പറഞ്ഞാണ് പ്രതികള്‍ എത്തിയത്. മന്ത്രവാദത്തിന്റെ പേരില്‍ 526 പവന്‍ സ്വര്‍ണ്ണമാണ് ഇവര്‍ തട്ടിയെടുത്തത്. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊല നടത്തിയത്.
കേരളത്തെ ആകെ ഞെട്ടിച്ചതാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി ബലി നല്‍കുകയാണ് ചെയ്തത്. ലോട്ടറി കച്ചവടക്കാരായ തമിഴ്‌നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകള്‍. ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദ് ഷാഫിയുടെ വാക്ക് വിശ്വസിച്ച് ഭഗവല്‍ സിംഗും ഭാര്യ ലൈലയുമായിരുന്നു ഈ ബലി നടത്തിയത്. ഇവരുടെ മാസം പാചകം ചെയ്ത് ഭക്ഷിക്കുക വരെ ചെയ്തു.
പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസിലും ഉണ്ട് ഒരു അന്ധവിശ്വാസത്തിന്റെ പങ്ക്. വിവാഹം കഴിക്കുന്ന ആദ്യ ഭര്‍ത്താവ് മരിക്കും എന്ന പ്രവചനം വിശ്വസിച്ചാണ് ഗ്രീഷ്മ ഷാരോണിനെ കൊണ്ട് താലികെട്ടിച്ചതും പിന്നീട് കഷായത്തില്‍ കീടനാശിനി കൊടുത്തി കൊല നടത്തിയതും. ആദ്യ വിവാഹം രഹസ്യമായി നടത്തി ഭർത്താവിനെ ഇങ്ങനെ വകവരുത്തിയാൽ രണ്ടാം ഭർത്താവുമൊത്ത് സസുഖം വാഴാമെന്ന് ഗ്രീഷ്മ കണക്കുകൂട്ടിയത്രേ.
സ്വന്തം മകനെ തന്നെ ബലി നല്‍കിയ സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 1983ല്‍ രാമക്കല്‍മേട്ടിലായിരുന്നു അത്. പിതാവും രണ്ടാനമ്മയും ചേര്‍ന്നാണ് നരബലി നടത്തിയത്. എട്ടാം ക്ലാസുകാരനായ റഹ്‌മത്ത്കുട്ടിയാണ് അന്ന് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുട്ടിയുടെ ശരീരം മുഴുവന്‍ കല്ലും ചൂരലും ഉപയോഗിച്ച് തല്ലി ചതച്ചിരുന്നു. കണ്ണ് ചൂഴ്ന്ന് എടുത്തും മൂക്ക് മുറിച്ചും സ്വകാര്യ ഭാഗത്ത് അടക്കം കമ്പി കുത്തികയറ്റിയുമായിരുന്നു കൊല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മന്ത്രവാദികളുടെ നിര്‍ദേശംപ്രകാരം നിധി ലഭിക്കാനാണ് ഈ ക്രൂരത നടത്തിയത്.
2018 ജൂലൈ 29ന് രാത്രിയിലാണ് കേരളത്തെ ഞെട്ടിച്ച കമ്പകക്കാനം കൂട്ട കൊലപാതകം നടന്നത്. കൊല നടത്തിയത് ഗുരുവിന്റെ മാന്ത്രിക ശക്തി ലഭിക്കാനായി ശിഷ്യനായിരുന്നു. കമ്പകക്കാനം സ്വദേശി കാനാട്ട് കൃഷ്ണനേയും ഭാര്യ സുശീലയേയും മക്കളായ ആര്‍ഷയേയും അര്‍ജുനെയും കൊലപെടുത്തി കുഴിച്ചു മൂടുകയായിരുന്നു. തലയ്ക്കടിച്ചും വെട്ടിയുമാണ് കൊല നടത്തിയത്. ശിഷ്യനായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിന്റെ നേതൃത്വത്തിലായിരുന്നു കൊല.
തിരുവനന്തപുരത്ത് നന്തന്‍കോട് അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവനേയും കൊന്ന കേഡല്‍ ജിന്‍സണ്‍ രാജ കാരണമായി പറഞ്ഞത് സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് നടത്തിയത് എന്നാണ്. പോലീസ് വിശ്വസിച്ചാലും ഇല്ലെങ്കിലും ഭക്തിയും വിശ്വാസവുമെല്ലാം ചേർത്ത ചില കഥകൾ അവതരിപ്പിച്ചാൽ കേസിൽ നിന്നൂരാമെന്ന് വ്യക്തമായ ഉപദേശം എവിടെ നിന്നെല്ലാമോ പ്രതിക്ക് കിട്ടിയിരുന്നു എന്നുറപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here