ആര്‍എല്‍വി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിലേക്ക് ക്ഷണം; ഇന്ന് വൈകിട്ട് കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും, സന്തോഷമുണ്ടെന്ന് പ്രതികരണം
തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തമവതരിപ്പിക്കാൻ അവസരം കിട്ടുന്നതെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.
കലാമണ്ഡലത്തിൽ മോഹിനിയാട്ടം ഗവേഷക വിദ്യാർത്ഥിയായിരുന്നു ആർഎൽവി രാമകൃഷ്ണൻ. അദ്ദേഹത്തിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന് പിന്നാലെയാണ് കലാമണ്ഡലത്തിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. സത്യഭാമയുടെ പ്രസ്താവനയെ കലാമണ്ഡലം നേരത്തെ തള്ളിയിരുന്നു. കുടുംബക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ സുരേഷ്‌ഗോപി ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ചിരുന്നെങ്കിലും മറ്റൊരു പരിപാടി ഉള്ളതിനാൽ ക്ഷണം നിരസിക്കുകയായിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വംശീയാധിക്ഷേപം. ‘മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണം, ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല, കാക്കയുടെ നിറമാണ്’ എന്നിങ്ങനെയൊക്കെയാണ് സത്യഭാമ പറഞ്ഞത്. ഇതിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here