‘ജൂനിയര്‍ സത്യഭാമയുടെ പേരില്‍ ഇനി കലാമണ്ഡലം ചേരില്ല; സ്ഥാപനത്തിന് കളങ്കമാകും’; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
തൃശൂര്‍: കടുത്ത ജാതി- വര്‍ണ്ണ അധിക്ഷേപം നടത്തിയ കലാമണ്ഡലം ജൂനിയര്‍ സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടേതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിരാകരിക്കുന്നു. ഒരു പരിഷ്കൃത സമൂഹത്തിനും ചേരാത്ത തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കലാമണ്ഡലത്തിന്‍റെ വാര്‍ത്താകുറിപ്പ്. കലാമണ്ഡലത്തിന്‍റെ ഒരു പൂര്‍വവിദ്യാര്‍ത്ഥി എന്നതിനപ്പുറം ഇവര്‍ക്ക് സ്ഥാപനവുമായി യാതൊരു ബന്ധമില്ലെന്നും കുറിപ്പിലൂടെ വൈസ് ചാന്‍സലര്‍ ബി.അനന്തകൃഷ്ണന്‍ അറിയിച്ചു.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ.ആര്‍എല്‍വി രാമകൃഷണനെതിരെ രൂക്ഷ ജാതി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്നും, കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ലെന്നും മറ്റുമുള്ള പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. സംഭവം വിവാദമായി പൊതുജനവും മാധ്യമങ്ങളും ഏറ്റെടുത്തെങ്കിലും അധിക്ഷേപ പ്രസ്താവന ആവര്‍ത്തിച്ച് അവർ വീണ്ടും രംഗത്തെത്തി.
നർത്തകർക്ക് സൗന്ദര്യം വേണമെന്നും മേക്കപ്പിന്റെ ബലത്തിലാണ് പലരും നൃത്തം ചെയ്യുന്നതെന്നും സത്യഭാമ പറഞ്ഞു. സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. ഇനിയും പറയാന്‍ താന്‍ തയ്യാറാണ്. ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സത്യഭാമ ന്യായീകരിച്ചു.
വിവാദപരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചു. എന്റെ കറുപ്പാണ് എന്റെ അഴക്, എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല മോളേയെന്നും രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ മറുപടി നല്‍കി. ഇത്തരം വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here