തദ്ദേശവാര്‍ഡ് ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചു; നേട്ടമുണ്ടാക്കി ബിജെപിയും
തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട്ട് തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ, തൃശൂരിലെ നാട്ടിക പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചിട്ടുണ്ട്.
കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ, മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചത്.
ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡില്‍ യുഡിഎഫിന്റെ സെബി മണ്ടുമ്പാൽ ആണ് വിജയിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണിയാണ് വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാകും. പതിനഞ്ചംഗ ഭരണസമിതിയിൽ സിപിഐയുടെ സീറ്റ് കോൺഗ്രസിലെ അലി തേക്കത്താണ് പിടിച്ചെടുത്തത്. 28 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇതോടെ യുഡിഎഫിന് ഭൂരിപക്ഷമായി.
ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ യുഡിഎഫിന് ഭരണം തുടരാനാവും. കൊടുവായൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കോളോട്ടില്‍ സി.പി.എമ്മിലെ എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡില്‍ യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് വിജയിച്ചു. തേവലക്കര 22-ാം വാർഡില്‍ സിപിഎമ്മിലെ അജിതാ സാജൻ വിജയിച്ചു. തേവലക്കര 22-ാം വാർഡില്‍ . യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാർഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.തുളസി 164 വോട്ടുകൾക്ക് വിജയിച്ചു.
പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡില്‍ ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡില്‍ 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12-ാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ് വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശരത് മോഹൻ വിജയിച്ചു.
കണ്ണൂർ കണിച്ചാർ പഞ്ചായത്ത് ആറാം വാർഡില്‍ സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മാടായി പഞ്ചായത്തില്‍ ആറാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു.
ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എ.എൻ ദിലീപ് കുമാറാണ് വിജയിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു. ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. സിപിഎം വിട്ട് ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വന്നത്.
മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡില്‍ കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്ക് വിജയിച്ചു. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡില്‍ കേരള കോൺഗ്രസ് എമ്മിലെ ടി. ഡി.മാത്യു 247 വോട്ടിന് ജയിച്ചു. ഈരാറ്റുപേട്ട നഗരസഭ 16-ാം വാർഡില്‍ മുസ്ലിം ലീഗിലെ റുബീന നാസർ 101 വോട്ടിന് വിജയിച്ചു. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 -ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചു. മലപ്പുറം ആലങ്കോട് പഞ്ചായത്തിൽ പെരുമുക്ക് വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡില്‍ ബിജെപിയുടെ അഖില മനോജ് ആണ് വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here