തദ്ദേശ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് നേട്ടം; യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എസ്ഡിപിഐ

30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഇടത് മുന്നണിക്ക് നേട്ടം. 17സീറ്റുകളില്‍ എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. യുഡിഎഫിന്റെ ഒരു സീറ്റ് എസ്ഡിപിഐ പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ഹരികുമാര്‍ വിജയിച്ചു. 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. കരകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പൂവച്ചല്‍ പഞ്ചായത്തിലെ പുളിന്‍കോട് വാര്‍ഡില്‍ എല്‍ഡിഎപ് വിജയിച്ചു. പാങ്ങോട് പഞ്ചായത്തിലെ പുളിപ്പാറ വാര്‍ഡിലാണ് എസ്ഡിപിഐ അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ സീറ്റാണ് പിടിച്ചെടുത്തത്.

കൊല്ലം ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ വീതം എല്‍ഡിഎഫും യുഡിഎഫും നേടി. പത്തനംതിട്ടയിലും ആലപ്പുഴയുലും ഓരോ സീറ്റു വീതം എല്‍ഡിഎഫും യുഡിഎഫും നേടി. കോട്ടയത്ത് തിരഞ്ഞെടുപ്പ് നടന്ന രാമപുരം പഞ്ചായത്തിലെ ജിവി സ്‌കൂള്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു.

ഇടുക്കിയിലെ വാത്തിക്കുടി പഞ്ചായത്തിലെ ദൈവമേട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 7 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ത്ഥി ബിനുവിന്റെ വിജയം. കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പുതിയോട്ടില്‍ അജയനാണ് വിജയിച്ചത്.

കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിനു വന്‍ വിജയം. തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ജയം. ശരണ്യ സുരേന്ദ്രന്‍ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രയാര്‍ തെക്ക് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയാ ദേവി 277 വോട്ടിന്റെ ദൂരിപക്ഷത്തില്‍ വിജയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top